
ന്യുഡല്‍ഹി: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ അധ്യക്ഷയുമായിരുന്ന ജെ.ജയലളിതയുടെ മരണം അന്വേഷിക്കുന്നതിന് സര്‍ക്കര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനം സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റീസ് അറുമുഗസാമി കമ്മിറ്റിയെ ആണ് അന്വേഷണത്തിന് നിയോഗിച്ചിരുന്നത്.
അപ്പോളോ ആശുപത്രി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ആണ് അന്വേഷണം തടഞ്ഞത്. 2016 ഡിസംബറിലാണ് ജയലളിത അന്തരിച്ചത്. 75 ദിവസത്തോളം അപ്പോളോ ആശുപത്രിയില്‍ നടന്ന ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം.
ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെ ഏഴു മാസങ്ങള്‍ക്കു ശേഷമാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം അടക്കമുള്ളവര്‍ ജയലളിതയുടെ മരണത്തില്‍ ദൂരൂഹത ആരോപിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരിക്കവേ ജയലളിതയെ സന്ദര്‍ശിക്കാന്‍ തന്നെ അനുവദിച്ചുപോലുമില്ലെന്നും ഒപിഎസ് ആരോപിച്ചിരുന്നു.






