
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ആക്രമണം തടയുന്നതില്‍ വീഴ്ച സംഭവിച്ചതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ പോലിസ് ഇന്‍സ്പെക്ടര്‍
ജനറല്‍ പൂജിത് ജയസുന്ദര (ഐ.ജി.പി) പദവിയില്‍ നിന്നും രാജിവെച്ചെന്നു പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു. രാജി ആക്ടിങ് പ്രതിരോധ സെക്രട്ടറിക്ക് കൈമാറിയതായും പുതിയ ഐ.ജി.പിയെ ഉടന്‍ തീരുമാനിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. ശ്രിലങ്ക പ്രതിരോധ സെക്രട്ടറി ഹെമസിരി ഫെര്‍ണാണ്ടോ വ്യാഴ്ഴ്ച രാജി വച്ചതിനു പിന്നാലെയാണ് പൂജിതിന്റെ രാജി.
ശ്രീലങ്കന്‍ സ്ഫോടന പരമ്പരകളുടെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി അറിയിച്ചിരുന്നു. നാഷണല്‍ തൗഹിത് ജമാഅത്ത് എന്ന സംഘടനയുടെ തലവനാണ് ഹാഷിം. സ്ഫോടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ് പുറത്തുവിട്ട വിഡിയോയിലും ഹാഷിം ഉണ്ടായിരുന്നു. ഐ.എസിനോടുള്ള കൂറു പ്രഖ്യാപിച്ച് പ്രതിജ്ഞയെടുക്കുന്ന വിഡിയോയില്‍ മുഖം മറയ്ക്കാത്ത്ത് ഹാഷിം മാത്രമാണ്. സ്ഫോടനത്തില്‍ ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു.
സ്ഫോടനത്തില്‍ 253പേരാണ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 485പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ 11 ഇന്ത്യക്കാരടക്കം നാല്‍പ്പത് വിദേശികളാണെന്നു സ്ഥിതീകരിച്ചിട്ടുണ്ട്. 359പേര് മരിച്ചെന്നാണ് ആദ്യം പ്രചരിച്ചത്. അത് കണക്കു കൂട്ടലിലെ പിശകാണന്നും തുടര്‍ച്ചയായി ഉണ്ടായ സ്ഫോടനങ്ങളെ തുടര്‍ന്ന് കണക്കുകള്‍ ശേഖരിക്കക എളുപ്പമല്ലായിരുന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.






