
ഇന്ത്യയില്‍ യൂസ്ഡ് ബൈക്ക് ബിസിനസ് ആരംഭിക്കുമെന്ന് ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കള്‍ ആയ ട്രയംഫ് പ്രഖ്യാപിച്ചു. ഇനി ട്രയംഫ് മോട്ടോര്‍സൈക്കിളുകള്‍ കൂടുതല്‍ താങ്ങാവുന്ന വിലയില്‍ വാങ്ങാന്‍ കഴിയും.
രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ ബിസിനസ് തുടങ്ങുമെന്ന് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ അറിയിച്ചു. എന്നാൽ, ഇന്ത്യയിലെ യൂസ്ഡ് സൂപ്പര്‍ബൈക്ക് വിപണിയില്‍ ഹാര്‍ലി ഡേവിഡ്സണ്, ഡുകാറ്റി എന്നീ പ്രീമിയം ബൈക്ക് ബ്രാന്‍ഡുകള്‍ നേരത്തെ പ്രവേശിച്ചിരുന്നു.
പുതുക്കിയ യൂസ്ഡ് ബൈക്കുകള്‍ വാങ്ങുന്നതിന് ഫിനാന്‍സ് സൗകര്യം ലഭ്യമാക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് എച്ച്ഡിഎഫ്സി ബാങ്ക്, പുണെ ആസ്ഥാനമായ വീല്‍സ് ഇഎംഐ എന്നീ സ്ഥാപനങ്ങളുമായി പങ്കാളിത്തം സ്ഥാപിച്ചുകഴിഞ്ഞു.
യൂസ്ഡ് ട്രയംഫ് ബൈക്കുകള്‍ക്ക് 50 ശതമാനത്തോളം വില കുറയുമെന്നാണ് റിപ്പോർട്ട്. നവീകരിച്ച സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കുകള്‍ക്ക് വാറന്റി ഉണ്ടായിരിക്കും.
ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് 2013 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഏകദേശം 1,100 യൂണിറ്റ് ബൈക്കുകള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിറ്റതായി കമ്പനി അറിയിച്ചു.
ഇന്ത്യയില്‍ ഇതുവരെയായി 6,000 ലധികം പ്രീമിയം ബൈക്കുകള്‍ വില്ക്കാന് കഴിഞ്ഞു. ഇന്ത്യയിലെ ആകെ വാര്‍ഷിക വില്‍പ്പനയില്‍ 55 ശതമാനത്തോളം വിറ്റുപോകുന്നത് മോഡേണ്‍ ക്ലാസിക് കുടുംബത്തില്‍പ്പെട്ട ബൈക്കുകളാണ്.






