
ഗുവാഹത്തി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഭാര്യ ഗാര്‍ഹിക പീഡന പരാതി നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് ഭാര്യ നിതി ദേബ്. വിവാഹമോചന വാര്‍ത്ത അസംബന്ധം മാത്രമാണെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ തന്റെ ഭര്‍ത്താവിനെ ശല്യപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമാണെന്നും അവര്‍ പറഞ്ഞു. 'വാര്‍ത്തകള്‍ കേട്ട് താന്‍ ശരിക്കും അമ്പരന്നുപോയി, കഴിഞ്ഞ 15 ദിവസമായി താന്‍ വീട്ടില്‍ ഇല്ലായിരുന്നു. അതാവാം ഇത്തരം വാര്‍ത്തകള്‍ പരക്കാന്‍ കാരണം. കുട്ടികളെ ഓര്‍ത്ത് താന്‍ ഏറെ വിഷമിക്കുകയാണ്. ഇതൊക്കെ അറിയുമ്പോള്‍ അവര്‍ എങ്ങനെ പ്രതികരിക്കുമെന്ന് തനിക്കറിയില്ലെന്നും നിതിദേബ് ഒരു മാധ്യമത്തോട് പ്രതികരിച്ചു.
ഈ ആരോപണം തന്റെ ഭര്‍ത്താവിനെതിരെയുള്ള ഗൂഢാലോചനയാണ്. സംസ്ഥാനത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയാണ് അദ്ദേഹം. എന്നാല്‍ തിരിച്ചുകിട്ടുന്നതോ ഇത്തരത്തിലുള്ള ശല്യങ്ങളാണ്. ഞാന്‍ നിയമപരമായി പരാതി നല്കിയാല് അത് പ്രചരിപ്പിക്കാന്‍ മറ്റാരെയെങ്കിലും ചുമതലപ്പെടുത്തുന്നത് എന്തിനാണ്? എനിക്കുതന്നെ എല്ലാം പറയാന്‍ കഴിയും. സ്ത്രീയെ കുറിച്ച് എന്തുംപറയാമെന്നത് എളുപ്പമാണ്. നേരത്തെ മന്ത്രി ശാന്തന ചക്മ ആയിരുന്നു ഇര. ഇപ്പോള്‍ ഞാനും.' അവര്‍ പറയുന്നു.
ബിപ്ലബ് ദേബിനെതിരെ താന്‍ ഗാര്‍ഹിക പീഡന പരാതി നല്‍കിയെന്ന വാര്ത്തയുംഅവര് നേരത്തെ ഫേസ്ബുക്കിലൂടെ നിഷേധിച്ചിരുന്നു. ഇത് അംഗീകരിക്കാനാവാത്തതാണ്. വ്യാജ തെളിവുകളും വ്യാജ റിപ്പോര്‍ട്ടുകളുമാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.






