
നാലാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ആവേശകരമായ പ്രചാരണത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഒന്‍പത് സംസ്ഥാനങ്ങളിലായി 72 സീറ്റുകളിലേക്കാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 2014 ലെ 45 സീറ്റിലും ബി.ജെ.പി ആണ് ജയിച്ചത്. ഏപ്രില്‍ 29നാണ് തെരഞ്ഞെടുപ്പ. നാലാം ഘട്ടതെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ വിവിധ സംസ്ഥാനങ്ങളിലായി 374 സീറ്റിലേക്കുള്ള ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.
മഹാരാഷ്ട്രയില്‍ 17, രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 13, പശ്ചിമ ബംഗാള്‍ 8, മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ 6 ബീഹാറില്‍ 5, ജാര്‍ഖണ്ഡില്‍3, ജമ്മുകാശ്മീറില് ഒന്ന് എന്നിങ്ങനെയാണ് ജനവിധി തേടുന്ന സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലെ എണ്ണം.
നിരവധി കേന്ദ്രമന്ത്രിമാരും, സിനിമാ താരങ്ങളായ ഡിംപിള്‍ യാദവ്, ഊര്‍മിള മണ്ഡോദ്കര്, സി.പി.ഐ നേതാവ് കനയ്യ കുമാര്‍ എന്നിവര്‍ നാലാംഘട്ട തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന പ്രമുഖരിലുണ്ട്. കൂടാതെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ മകന് നകുല്‍ നാഥ്, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകന് വൈഭവ് എന്നിവരും ജനവിധി തേടുന്നവരില്‍ ഉണ്ട്.
കഴിഞ്ഞ ഘട്ടങ്ങളില്‍ ഉണ്ടായ അക്രമങ്ങള്‍ കണക്കിലെടുത്ത് ബംഗാളിലും ജമ്മു കാശ്മീറിലും തിരഞ്ഞെടുപ്പ് കമ്മീഷന് ഇത്തവണ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഒഡീഷയില്‍ ലോക്സഭാതെരഞ്ഞെടുപ്പിനൊപ്പം 42 സീറ്റിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നടക്കും.






