
ന്യുഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവ്ജ്യോത് സിംഗ് സിദ്ദു. ദേശീയത എന്താണെന്ന് ജനങ്ങള്‍ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയില്‍ നിന്നു പഠിക്കണമെന്നും സിദ്ദു പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ ഒരു സാമ്പത്തിക പുരോഗതിയും ഉണ്ടായില്ലെന്ന ബി.ജെ.പിയുടെ സ്ഥിരം വാദത്തെ സിദ്ദു തള്ളിക്കളഞ്ഞു. രാജ്യം എല്ലാം സ്വന്തമാക്കിയത് ഇക്കാലത്താണ്. സൂചിമുതല്‍ വിമാനം വരെ രാജ്യം ഇക്കാലത്ത് സ്വന്തമായി ഉണ്ടാക്കി.
രാജീവ് ഗാന്ധിയുടെ മരണശേഷം പാര്‍ട്ടിയെ പ്രാപ്തിയോടെ നയിച്ച നേതാവാണ് സോണിയ ഗാന്ധി. അതുകൊണ്ടുതന്നെയാണ് 2004 മുതല്‍ 2014 വരെ 10 വര്‍ഷം കേണ്‍ഗ്രസ് തുടര്‍ച്ചയായി രാജ്യം ഭരിച്ചത്.
ബി.ജെ.പിയോട് ആഭിമുഖ്യം പുലര്‍ത്തുന്നവരെല്ലാം ദേശീയവാദികളും പാര്‍ട്ടി വിട്ടുപോകുന്നവരെല്ലാം ദേശവിരുദ്ധരുമാണെന്ന് ബി.ജെ.പി പറയുന്നു. റഫാല്‍ ഇടപാടിലെ വിവാദങ്ങള്‍ ഈ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പരാജയത്തിലേക്ക് നയിക്കുമെന്നും സിദ്ദു പറയുന്നു.






