
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമിത് ഷായും പെരുമാറ്റചട്ട ലംഘനം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ്സ് സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനു സുപ്രീം കോടതിയുടെ നോട്ടീസ്. ചീഫ് ജസ്റ്റിസ് അധ്യക്ഷന്‍ സ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന എന്നിവരടങ്ങിയ ബഞ്ചാണ് നോട്ടീസ് അയച്ചത്. കോണ്‍ഗ്രസ്സ് എം.പി സുസ്മിത ദേവാണ് ഹര്‍ജിയുമായി സുപ്രീം കോടതിയിലെത്തിയത്.
സൈന്യത്തിന്റെ ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കരുതെന്ന ചട്ടം നിലനില്‍ക്കെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്ക്കും ബലാകോട്ടില്‍ തിരിച്ചടിച്ച വ്യോമസേനയിക്കുമായി വോട്ടുചെയ്യാന്‍ തായ്യാറാണോ എന്ന് കന്നി വോട്ടര്‍മാരോട് മോഡി ചോദിച്ചുവെന്ന് കോണ്‍ഗ്രസ്സിനു വേണ്ടി ഹാജരായ അഭിഭാഷകന് അഭിഷേക് മനു സിംഗ്വി പറഞ്ഞു. ഇത് പെരുമാറ്റ ചട്ട ലംഘമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍ പ്രത്യക്ഷത്തില്‍ പക്ഷപാതിത്വം ആണെന്നും കോണ്‍ഗ്രസ്സ് ആരോപിക്കുന്നു.
മോദിക്കും അമിത് ഷായ്ക്കും എതിരെയുള്ള പരാതികള്‍ 24 മണിക്കൂറിനുള്ളില്‍ പരിഹരിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ്സ് ഹര്‍ജി നല്‍കിയത്. എന്നാല്‍ പരാതി നല്കി മൂന്ന് ആഴ്ച പിന്നിട്ടിട്ടും നടപടി എടുത്തില്ലെന്നു കോണ്‍ഗ്രസ്സ് ചൂണ്ടിക്കാട്ടി. നിരവധി തവണ പരാതി നല്‍കിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് അവര്‍ക്കെതിരെ നടപടി ഒന്നും സ്വീകരിച്ചിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ ആരോപണം. ഇരുവര്‍ക്കെതിരായ പരാതികള്‍ പരിശോധിക്കാന്‍ യോഗം ചേരുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. കേസ് വ്യഴാഴ്ച വീണ്ടും പരിഗണിക്കും.
അതേസമയം റഫാല്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസിന്റെ വാദം കേള്‍ക്കുന്നത് നീട്ടിവെയ്ക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാദം നീട്ടിവെയ്ക്കുന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനം ആയിട്ടില്ല.






