
കൊളംബോ: ശ്രീലങ്കയില്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയെന്ന് യു.എസ് മുന്നറിയിപ്പ്. ഈസ്റ്റര്‍ ദിനത്തില്‍ ലങ്കയില്‍ ഭീകരാക്രണം നടത്തിയ ഭീകരസംഘടനയിലെ അംഗങ്ങള്‍ ഇപ്പോഴും സജീവമായി രാജ്യത്ത് തന്നെയുണ്ടെന്നാണ് യു.എസ് മുന്നറിയിപ്പ്. സ്ഫോടനത്തെ തുടര്‍ന്നുള്ള സാഹചര്യം നേരിടാന്‍ ശ്രീലങ്കന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം യു.എസ് സുരക്ഷാ വിദഗ്ധര്‍ ലങ്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്.
കഴിഞ്ഞ ദിവസം ആക്രമണം നടത്തിയ ഭീകരസംഘടനയുടെ പ്രവര്‍ത്തകര്‍ ഇപ്പോഴും ലങ്കയില്‍ ഒളിവില്‍ കഴിയുന്നുണ്ടാകാമെന്ന് കൊളംബോയിലെ യു.എസ് എംബസിയുടെ വക്താവ് നാന്‍സി വാന്ഹോണ് പറഞ്ഞു. കൊളംബോ ഗസറ്റിനോട് സംസാരിക്കുകയായിരുന്നു യു.എസ് എംബസി വക്താവ്.
ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ആക്രമണത്തില്‍ ഏഴ് ഇന്ത്യക്കാരുള്‍പ്പെടെ 253 പേരാണ് കൊല്ലപ്പെട്ടത്. നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന സംഘടനയാണ് ഭീകരാക്രമണത്തിന്റെ പിന്നിലെന്നാണ് ശ്രീലങ്കയുടെ വിലയിരുത്തല്‍. എന്നാല്‍ ഈ സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തു. സമീപകാലത്ത് ശ്രീലങ്കയില്‍ നടന്ന ഏറ്റവും കടുത്ത ആക്രമണമാണ് ഈസ്റ്റര്‍ ദിനത്തില്‍ നടന്നത്.






