ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് മേല്‍നോട്ടം വഹിക്കുന്നതിനെ ഇടപെടലായി കരുതാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം. പി.എം.ഒയുടെ മേല്‍നോട്ടം ഇടപെടലായോ സമാന്തര വിലപേശലായോ കാണാനാകില്ലെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസും ഫ്രഞ്ച് പ്രസിഡന്റും റഫാല്‍ ഇടപാടില്‍ മേല്‍നോട്ടം നിര്‍വഹിക്കുന്നുണ്ടെന്ന് അന്നത്തെ പ്രതിരോധ മന്ത്രി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
റഫാല്‍ ഇടപാടില്‍ സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരായ പുനഃപരിശോധനാ ഹര്‍ജികളില്‍ ശനിയാഴ്ചയ്ക്കുള്ളില്‍ നിലപാട് വ്യക്തമാക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. മറുപടി നല്കാന് നാലാഴ്ച സമയം വേണമെന്ന കേന്ദ്ര നിലപാട് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഈ ശനിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച ചില രേഖകള്‍ സ്വീകരിക്കുന്നതിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പും പരമോന്നത കോടതി തള്ളിയിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 14ന് കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്കിയ സുപ്രീം കോടതി വിധിക്കെതിരെ മുന്‍ കേന്ദ്രമന്ത്രിമാരും മുന്‍ ബി.ജെ.പി നേതാക്കളുമായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ എന്നിവരും മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷനുമാണ് റഫാല്‍ ഇടപാടില്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇവര്‍ക്ക് പുറമെ ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിംഗും പ്രത്യേക പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്.






