ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പാക്കിസ്ഥാനെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് റിട്ട. ലെഫ്റ്റനന്റ് ജനറല്‍ ദീപേന്ദ്ര സിങ് ഹുഡ. കോണ്‍ഗ്രസ് വെളിപ്പെടുത്തല്‍ തെറ്റാണെന്ന് ആരോപിച്ച് മുന്‍ കരസേനാ മേധാവിയും നിലവില്‍ കേന്ദ്രമന്ത്രിയുമായ വി.കെ സിങ് രംഗത്ത് വന്നതിന് പിന്നാലെയാണ് മുന്‍ യു.പി.എ സര്‍ക്കാരിനെ പിന്തുണച്ച് ദീപേന്ദ്ര ഹൂഡ രംഗത്ത് വന്നിരിക്കുന്നത്.
യു.പി.എ സര്‍ക്കാരിന്റെ കാലത്തും സൈനിക നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. അതിനെ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നോ അതിര്‍ത്തി കടന്നുള്ള സൈനിക നീക്കങ്ങളെന്നോ വിശേഷിപ്പിക്കാമെന്നും ഹൂഡ വ്യക്തമാക്കി. എന്നാല്‍ അത് എന്നാണ് നടന്നതെന്ന ചോദ്യത്തിന് ഓര്‍മ്മയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
2008-14 വര്‍ഷങ്ങള്‍ക്കിടെ ആറ് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. 2008 ജൂണ്‍ 19ന് ജമ്മു കശ്മീരിലെ ഭട്ടല്‍ സെക്ടറിലാണ് ആദ്യ സ്ട്രൈക്ക് നടത്തിയത്. മറ്റ് തീയതികളും കോണ്‍ഗ്രസ് വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ വോട്ടിനായി അത് ദുരുപയോഗം ചെയ്യാറില്ലെന്നും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും പ്രതികരിച്ചിരുന്നു.
അതേസമയം കോണ്‍ഗ്രസ് വാദം കള്ളമാണെന്നും താന്‍ കരസേന മേധാവിയായിരിക്കെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്തണമെന്നും വി.കെ സിങ് ട്വീറ്റ് ചെയ്തിരുന്നു.






