
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ എല്‍.ഡി.എഫിനു അനുകൂലമായി 119 കള്ള വോട്ട് ചെയ്തെന്ന ആരോപണവുമായി കോണ്‍ഗ്രസ്സ് രംഗത്ത്. തെളിവുകള്‍ സഹിതം ഇവരുടെ പട്ടിക കോണ്‍ഗ്രസ് നേതൃത്വം കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. കള്ള വോട്ട് ചെയ്തവരില്‍ 40 സ്ത്രീകളാണ്. ഏറ്റവും കൂടുതല്‍ കള്ളവോട്ട് നടന്നത് തളിപ്പറമ്പിലും മട്ടന്നൂരിലും. അഞ്ച് വോട്ടുകള്‍ വരെ ചെയ്ത ആളുടെ വിവരങ്ങളും കള്ളവോട്ട് ചൂണ്ടിക്കാട്ടിയിട്ടും നടപടി എടുക്കാതിരുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങളും സഹിതമാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്. കള്ളവോട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബൂത്തു തലത്തില്‍ ശേഖരിച്ചു വരികയാണെന്നും വിശദമായ രേഖകള്‍ സഹിതം പരാതി നല്‍കുമെന്നും നേരത്തെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് കള്ളവോട്ട് ചെയ്തവരെ വെറുതെവിടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പ്രതിരിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പരാതികളുമായി കോണ്‍ഗ്രസ് രംഗത്തെത്തുന്നത്. അഞ്ച് വോട്ടുകള്‍ വരെ ചെയ്ത ആളുകളുടെ വിവരങ്ങള്‍ വരെ പരാതിയില്‍ നല്‍കിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. കള്ളവോട്ട് ചെയ്തവരെ കൂടാതെ അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങളും പരാതിക്കൊപ്പം കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. കള്ളവോട്ട് നടക്കുന്നുവെന്ന് ബോധ്യപ്പെടുത്തിയിട്ടും അതിന് കൂട്ടുനിന്നവരെയടക്കം നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നാണ് കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
യുഡിഎഫിന് വേണ്ടി ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന് കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചിരുന്നു. കല്യാശേരിയില്‍ മൂന്ന് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് അന്ന് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയത്. കല്യാശേരിയിലെ 69, 70 നമ്പര്‍ പോളിങ് ബൂത്തുകളിലാണ് കള്ളവോട്ട് നടന്നത്. മുഹമ്മദ് ഫയിസ്, ആഷിക് കെ.എം., അബ്ദുള്‍ സമദ്, മുഹമ്മദ് കെ എം എന്നിവര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് പരാതി ഉയര്‍ന്നത്. ഇതില്‍ മൂന്നുപേര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്.






