ഗുര്‍ദാസ്പൂര്‍: ബാലാകോട്ട് ആക്രമണത്തെക്കുറിച്ചോ ഇന്തോ-പാക് ബന്ധത്തെക്കുറിച്ചോ തനിക്ക് അറിയില്ലെന്ന് ഗുര്‍ദാസ്പൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും ബോളിവുഡ് താരവുമായ സണ്ണി ഡിയോള്‍. തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ ഗുര്‍ദാസ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സണ്ണി ഡിയോള്‍. ഇന്ത്യാ-പാക് ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ വിജയിച്ചു കഴിഞ്ഞാല്‍ അഭിപ്രായം പറയാമെന്നായിരുന്നു സണ്ണി ഡിയോളിന്റെ മറുപടി.
ഗുര്‍ദാസ്പൂരിലെ സിറ്റിംഗ് എം.പി സുനില്‍ കുമാര്‍ ജഖറാണ് സണ്ണി ഡിയോളിന്റെ എതിര് സ്ഥാനാര്‍ത്ഥി. ജഖറിന് തന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഭയമുള്ളതിനാലാണ് അദ്ദേഹം തന്നെ വിമര്‍ശിക്കുന്നതെന്ന് സണ്ണി ഡിയോള്‍ ആരോപിച്ചു. സണ്ണി ഡിയോളിന് പഞ്ചാബിലെയോ ഗുര്ദാസ്പൂരിലെയോ പ്രശ്നങ്ങളെക്കുറിച്ച് അറിയില്ലെന്ന് സുനില്‍ ജഖര്‍ വിമര്‍ശിച്ചിരുന്നു. സിനിമ മാത്രമാണ് സണ്ണിയുടെ മേഖല. അല്‍പ്പനേരം സംസാരിച്ചാല്‍ സണ്ണി ഡിയോളിന്റെ അജ്ഞത വെളിവാകുമെന്നും സുനില്‍ ജഖര്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ മാസമാണ് സണ്ണി ഡിയോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. പിന്നാലെ ഗുര്‍ദാസ്പൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ആവുകയും ചെയ്തു. മെയ് 12ന് നടക്കുന്ന ആറാം ഘട്ടത്തിലാണ് ഗുര്‍ദാസ്പൂരിലെ വോട്ടെടുപ്പ്. അന്തിമ ഘട്ട പ്രചരണം കൊഴുപ്പിക്കാന്‍ ഈ ആഴ്ച അവസാനം സിര്‍സയിലും യമുനാനഗറിലും സണ്ണി ഡിയോള്‍ റോഡ് ഷോ നടത്തുന്നുണ്ട്.






