
ചണ്ഡിഗഢ്: ജലന്ധര്‍ രൂപതാ വൈദികന് ഫാ.ആന്റണി മാടശേരിയില്‍ നിന്ന് ഖന്ന പോലീസ് റെയ്ഡില്‍ പിടിച്ചെടുത്ത പണത്തില്‍ കാണാതായെന്ന് ആരോപിക്കുന്ന 6.6 കോടി രൂപയുടെ കാര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് സംശയം. വൈദികന് കണക്ക് പെരുപ്പിച്ച് കാണിച്ച് അന്വേഷണ സംഘത്തെ കബളിപ്പിച്ചതാണോയെന്നും കള്ളം പറയുകയാണെന്നും പോലീസ് സംശയിക്കുന്നു.
പ്രതാപുരയിലെ തന്റെ വസതിയില്‍ നടന്ന റെയ്ഡില്‍ 16.65 കോടി രൂപ പോലീസ് പിടിച്ചെടുത്തുവെന്നും അതില്‍ 9.66 കോടി രൂപയുടെ കണക്ക് മാത്രമാണ് പുറത്തുവിട്ടതെന്നുമാണ് ഫാ.ആന്റണി മാടശേരി പറഞ്ഞത്. 6.6 കോടിയോളം രൂപ കാണാതായെന്ന വൈദികന്റെ പരാതിയിലാണ് പഞ്ചാബ് ഡി.ജി.പി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണത്തിന് നിയോഗിച്ചത്.
എന്നാല്‍ പിടിച്ചെടുത്ത തുകയില്‍ നിന്നും മോഷ്ടിച്ച കോടികളുമായി കടന്ന എ.എസ്.ഐമാരെ ചോദ്യം ചെയ്തപ്പോഴാണ് വൈദികന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘത്തിന് സംശയം ഉയര്‍ന്നത്. ഖന്ന പോലീസ് വൈദികന്റെ വസതിയില്‍ നിന്ന് പിടിച്ചെടുത്തത് 14.5 കോടി രൂപയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഇതേതുടര്‍ന്ന് വൈദികനെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. രണ്ടു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യല്‍ നടക്കുമെന്ന് പ്രത്യേക സംഘത്തിലെ അംഗം ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. ഫെബ്രുവരി 29ന് റെയ്ഡ് നടക്കുമ്പോള്‍ ചില ബാങ്ക് ജീവനക്കാരും പ്രതാപുരയിലെ വൈദികന്റെ വസതിയിലുണ്ടായിരുന്നു. ഇവരെ തിങ്കളാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.
ഫാ.ആന്റണിയുടെ വസതിയിലെ രണ്ടു നിലകളില്‍ സൂക്ഷിച്ചിരുന്ന പണമാണ് എണ്ണിയതെന്ന് ബാങ്ക് ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. പണത്തിന്റെ ഇടപാട് സംബന്ധിച്ച് ഫാ.ആന്റണി ഹാജരാക്കിയ രസീതുകളും തങ്ങള്‍ പരിശോധിച്ചു. ബിസിനസ് ഇടപാടുകളുടെ പണമാണെന്നാണ് രസീതില്‍ പറയുന്നതെന്നും അന്വേഷണ സംഘാംഗം പറഞ്ഞു.
പണമെടുത്ത എ.എസ്.ഐമാരെ ചോദ്യം ചെയ്തതില്‍ നിന്ന് 4.5 കോടി രൂപ മാത്രമാണ് തങ്ങള്‍ എടുത്തതെന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണ്. അവരില്‍ നിന്നും അത്രയും പണം കണ്ടെടുക്കുകയും ചെയ്തു. വൈദികന് ആരോപിക്കുന്ന പോലെയാണെങ്കില്‍ രണ്ടു കോടി രൂപയുടെ കണക്കില്‍ വൈരുദ്ധ്യം കാണുന്നുണ്ടെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.
അതേസമയം, യഥാര്‍ത്ഥത്തില്‍ കാണാതായത് 5.78 കോടി രൂപയാണെന്ന് ഫാ.ആന്റണി പ്രതികരിച്ചതായി ഒരു ഇംഗ്ലീഷ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. റെയ്ഡിനു പിന്നാലെ ആദായ നികുതി വകുപ്പ് തന്നെ ചോദ്യം ചെയ്തിരുന്നു. തന്റെ പരാതി എഴുതിയ വ്യക്തിയാണ് 6.6 കോടി രൂപ കാണാതായി എന്ന് തെറ്റായി രേഖപ്പെടുത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിന് നല്കിയ മൊഴിയില്‍ 5.78 കോടി രൂപയാണ് കാണാതായതെന്ന് താന്‍ അറിയിച്ചിട്ടുണ്ട്. അതിന്റെ റെക്കോര്‍ഡുകളും നല്‍കിയെന്നും ഫാ.ആന്റണി പറഞ്ഞു.
ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തനും ഫ്രാങ്കോ സ്ഥാപിച്ച മിഷണറീസ് ഓഫ് ജീസസ് (എഫ്.എം.ജെ) വൈദിക സഭയുടെ ജനറാളും സഹോദയ, നവജീവന്‍ ട്രസ്റ്റുകളുടെ നടത്തിപ്പുകാരനുമാണ് ഫാ.ആന്റണി മാടശേരി. രൂപതയിലെ സ്കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങളും മറ്റും വിറ്റവകയിലുള്ള പണമാണ് റെയ്ഡില്‍ പിടിച്ചെടുത്തതെന്നാണ് ഫാ.ആന്റണിയുടെ വാദം. സ്കൂളിലെ കച്ചവടങ്ങളെല്ലാം സഹോദയയുടെ പേരില്‍ ഫാ.ആന്റണിയാണ് നിയന്ത്രിക്കുന്നത്.






