
ശ്രീനഗര്‍: ഉത്തരകശ്മീരിലെ സുംബല്‍ മേഖലയില്‍ മൂന്നുവയസ്സുകാരിക്കു നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ നടത്തിയ മാര്‍ച്ചില്‍ വ്യാപക പ്രതിക്ഷേധം. ദേശീയപാതയില്‍ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ കല്ലേറില്‍ 47 സുരക്ഷാ സൈനികര്‍ക്കു പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ ഒരാള്‍ സശസ്ത്ര സീമാ ബെല്‍ (എസ്.എസ്.ബി) അസിസ്റ്റന്റ് കമാന്‍ഡന്റാണ്. ഇയാളുടെ തലയ്ക്കാണു പരിക്കേറ്റത്. പ്രതിക്ക് തക്കശിക്ഷ നല്‍കണമെന്നും പ്രതി പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്കിയ സ്കൂള്‍ പ്രിന്‍സിപ്പലിനെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇന്നു നടന്ന പ്രതിഷേധം.
മേയ് ഒമ്പതിന് മൂന്നുവയസ്സുകാരിക്കു നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ കഴിഞ്ഞ നാലുദിവസമായി കശ്മീരില്‍ വ്യാപക പ്രതിഷേധം നടക്കുന്നുണ്ട്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തെന്ന റിപ്പോര്‍ട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിക്ക് അര്‍ഹിച്ച ശിക്ഷ കിട്ടുന്നുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തണമെന്ന് കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞു. അതിവേഗം നീതി നടപ്പാക്കണമെന്ന് മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരും ആവശ്യപ്പെട്ടിരുന്നു.






