കോഴിക്കോട്: നീലേശ്വരം സ്കൂളില്‍ അധ്യാപകര്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ വീണ്ടും പരീക്ഷ എഴുതാന്‍ വിസമ്മതിച്ച് അധ്യാപകരും രക്ഷിതാക്കളും. വീണ്ടും പരീക്ഷ എഴുതണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വ്യക്തമാക്കി. അധ്യാപകര്‍ ക്രമക്കേട് നടത്തുന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ല. നന്നായി പഠിച്ചാണ് പരീക്ഷ എഴുതിയതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ ഇന്ന് രാവിലെയാണ് അധ്യാപകരുടെയും കുട്ടികളുടെയും മൊഴി എടുത്തത്. ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടറും ഡെപ്യുട്ടി ഡയറക്ടറും സ്കൂളില്‍ എത്തിയാണ് വിദ്യാര്‍ത്ഥികളുടെ മൊഴി എടുത്തത്. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചത്.
സംഭവത്തില്‍ നീലേശ്വരം സ്കൂളിലെ അധ്യാപകര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പരീക്ഷ ചീഫ് സൂപ്രണ്ടും നീലേശ്വരം സ്കൂള്‍ പ്രിന്‍സിപ്പലുമായ കെ. റസിയ, അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് നിഷാദ് വി. മുഹമ്മദ്, ചേന്നമംഗലൂര്‍ സ്കൂളിലെ അധ്യാപകനും പരീക്ഷാ ഡെപ്യൂട്ടി ചീഫുമായ പി.കെ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വകുപ്പ് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മുക്കം പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
റീജണല്‍ ഡെപ്യുട്ടി ഡയറക്ടര്‍ ഗോകുലകൃഷ്ണനാണ് പരാതി നല്‍കിയത്. അധ്യാപകര്‍ നേരത്തെയും ഉത്തരക്കടലാസുകളില്‍ തിരുത്തല്‍ വരുത്തിയതായി സംശയമുണ്ട്. ഇക്കാര്യം കൂടി അന്വേഷിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരക്കടലാസുകള്‍ തിരുത്താന്‍ പ്രിന്‍സിപ്പല്‍ കെ. റസിയയും അധ്യാപകന് നിഷാദ് വി. മുഹമ്മദും വ്യക്തമായ ആസൂത്രണം നടത്തിയെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സ്കൂളിന്റെ വിജയശതമാനം കൂട്ടാനായി ക്രമക്കേട് കാണിച്ചുവെന്നാണ് വ്യക്തമായിരിക്കുന്നത്.






