
വാഷിംഗ്ടണ്‍: അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗമായ സിഐഎ മുന്‍ ഉദ്യോഗസ്ഥന് 20 വര്‍ഷം തടവുശിക്ഷ. ചൈനയ്ക്കു വേണ്ടി ചാരവൃത്തി ചെയ്തുവെന്ന കുറ്റത്തിനാണ് കെവിന് മല്ലോറി ശിക്ഷിക്കപ്പെട്ടത്. വെള്ളിയാഴ്ചയാണ് ശിക്ഷി വിധിച്ചത്.
അമേരിക്കയുടെ ചില പ്രതിരോധ രഹസ്യങ്ങള്‍ 25,000 ഡോളര്‍ പ്രതിഫലംപറ്റി ചൈനയുടെ രഹസ്യാന്വേഷണ ഏജന്റിന് വിറ്റുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചാരവൃത്തി നിയമപ്രകാരം കെവിന് കുറ്റക്കാരനെന്ന് വിധിച്ചതെന്നും ഇനിയുള്ള 20 വര്‍ഷം അയാള്‍ ജയില്‍ശിക്ഷ അനുഭവിക്കുമെന്നും അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ജോണ്‍ ഡെമെര്സ് പറഞ്ഞു.
ചൈനയുടെ വലയത്തില്‍പ്പെട്ട് സ്വന്തം രാജ്യത്തെയും സഹപ്രവര്‍ത്തകരേയും ഒറ്റിക്കൊടുക്കുന്ന മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ള മുന്നറിയിപ്പാണിതെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. 62കാരനായ കെവിന് കുറ്റക്കാരനാണെന്ന് 2018 ജൂണില്‍ ഫെഡറല്‍ ജൂറി കണ്ടെത്തിയിരുന്നു.
വിചാരണ വേളയില്‍ പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയ രേഖപ്രകാരം 2017 ഏപ്രില്‍ കെവിന് ഷാങ്ഹായിലേക്ക് പോയതായും മിഷേല്‍ യാങ് എന്നയാളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തുവെന്ന് തെളിവ് നല്‍കിയിരുന്നു.






