
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഫലം അറിയാന്‍ ദിവസങ്ങള്‍ ഇനിയുമുണ്ടെങ്കിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പുറത്തു വിട്ടപ്പോള്‍ ചങ്കിടിപ്പ് ശക്തമായിരിക്കുന്നത് സിപിഎമ്മും സിപിഐയും നയിക്കുന്ന ഇടതുപക്ഷത്തിന്. എന്‍ഡിഎയ്ക്ക് വലിയ ഭൂരിപക്ഷം പ്രവചിക്കുന്ന സര്‍വേഫലങ്ങള്‍ ഫലത്തില്‍ അപ്രത്യക്ഷമാക്കുന്നത് ഇടതുപക്ഷത്തെയാണ്. സിഎന്‍എന്‍ ന്യൂസ് 18 ഒഴികെയുള്ള എക്സിറ്റ് പോളുകള്‍ മുഴുവനും ഇടതുപക്ഷത്തിന് ഇന്ത്യയില്‍ കിട്ടാവുന്ന സീറ്റുകളുടെ എണ്ണം ആറാക്കി ചുരുക്കുകയാണ്. കേരളത്തില്‍ നാലു സീറ്റുകളിലേക്കും തമിഴ്നാട്ടിലെ രണ്ടു സീറ്റുകളുമായി സിപിഎം പിടിച്ചു നില്ക്കുമ്പോള് എക്സിറ്റ് പോളുകളില്‍ ഒരിടത്തും സിപിഐ ദേശീയരാഷ്ട്രീയത്തില്‍ ഇല്ല.
ഇടതുപക്ഷത്തിന്റെ അതിജീവനത്തിനായുള്ള പോരാട്ടം കൂടിയാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ്. സിപിഎം പരിപൂര്‍ണ്ണമായും പുറത്താക്കപ്പെട്ട പശ്ചിമബംഗാളിലും ത്രിപുരയിലും ഇത്തവണ ഒരു സീറ്റ് പോലും കിട്ടിയേക്കില്ലെന്നാണ് വിലയിരുത്തല്‍. അങ്ങിനെ വന്നാല്‍ കേരളത്തിലെ നാലു സീറ്റുകളിലും തമിഴ്നാട്ടിലെ രണ്ടു സീറ്റുകളിലുമായി സിപിഎം ചുരുങ്ങും. അതേസമയം കേരളത്തില്‍ പോലും സിപിഐയ്ക്ക് സീറ്റ് ഒരു പ്രവചനങ്ങളും പറയുന്നുമില്ല. എക്സിറ്റ് പോളുകള്‍ പോലെയാണ് ഫല നിര്‍ണ്ണയവും വരുന്നതെങ്കില്‍ പാര്‍ലമെന്റില്‍ സിപിഎമ്മിന്റെ പേരില്‍ ശബ്ദിക്കാന്‍ വെറും ആറു പേര് മാത്രമാകും.
ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളിലെ തിരിച്ചടികള്‍ ഇടതുപക്ഷത്തിന്റെ ഏകതുരുത്ത് എന്ന നിലയിലേക്ക് കേരളത്തെ മാറ്റിയിരുന്നു. ബിജെപിയെയും കൂട്ടാളികളെയും തോല്‍പ്പിക്കുക, സിപിഎമ്മിന്റെയും ഇടതുപാര്‍ട്ടികളുടെയും അംഗബലം കൂട്ടുക, മതേതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരുമെന്ന് ഉറപ്പാക്കുക. ഇവ മൂന്നുമായിരുന്നു ഇത്തവണ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ സിപിഎമ്മിന്റെ പ്രധാന തന്ത്രം. ഇന്ത്യയില്‍ മൂന്ന് ഇടങ്ങളില്‍ മാത്രമാണ് സിപിഎം-ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ വന്നത്. ത്രിപുരയിലെ രണ്ടു സീറ്റിലും തമിഴ്നാട്ടിലെ കോയമ്പത്തൂരിലും.
സിപിഎം 34 വര്‍ഷത്തോളം ഭരിച്ച ബംഗാളില്‍ ഇത്തവണ ഒരു സീറ്റ് പോലും മിക്ക സാധ്യതകളും കല്‍പ്പിക്കുന്നില്ല. രണ്ട് എംപി മാരെയെങ്കിലും വിജയിപ്പിച്ചെടുക്കാനാകും എന്ന ചിന്തയില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയാണ് സിപിഎം മത്സരിക്കാന്‍ എത്തിയത്. സിപിഎം വിജയിച്ച രണ്ടു പാര്‍ലമെന്റു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ജയിച്ച നാലു മണ്്ഡലങ്ങളിലും പരസ്പരം മത്സരിക്കരുത് എന്നായിരുന്നു ധാരണ. കഴിഞ്ഞ തവണ റായ് ഗഞ്ചില്‍ ഇരു പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍ ഏറ്റുമുട്ടിയപ്പോള്‍ 1800 വോട്ടിന് പി.ബി അംഗം മുഹമ്മദ് സലിം വിജയിച്ചിരുന്നു. കോണ്‍ഗ്രസായിരുന്നു ഇവിടെ മുഖ്യ എതിരാളി. ഇവിടെ സിപിഎമ്മിന് നേടാനായത് 29 ശതമാനം വോട്ടുകളാണ്.
2009 ല്‍ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്നെങ്കിലും 39 ശതമാനം വോട്ടുകള്‍ നേടിയിരുന്നു. എന്നാല്‍ 2014 ല്‍ ജയിച്ചപ്പോഴാകട്ടെ കിട്ടിയത് 29 ശതമാനം വോട്ടുകളും. 2009 ല്‍ നിന്നും 2014 ലേക്ക് എത്തുമ്പോള്‍ സിപിഎമ്മില്‍ വ്യാപക കൊഴിഞ്ഞുപോക്കാണ് കണ്ടത്. മിക്ക പാര്‍ട്ടി പ്രവര്‍ത്തകരും ബിജെപിയിലേക്കോ തൃണമൂലിലേക്കോ ചേക്കേറിയതാണ് വോട്ടു ഷെയര്‍ കുറയാനിടയായത്. തൃണമൂല്‍ ഇവിടെ ഒരു ശക്തിയായി മാറിയിരുന്നില്ല എന്നതായിരുന്നു തുണയായത്.
സിപിഎമ്മിന്റെ മറ്റൊരു സീറ്റായ മൂര്‍ഷിദാബാദില്‍ രണ്ടു സിപിഎം എംഎല്‍എ മാരാണ് തൃണമൂലിലേക്ക് മറുകണ്ടം ചാടിയത്. 2014 ല്‍ 18,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയ ഇവിടെയും ഇപ്പോള്‍ അണികളുടെ കൊഴിഞ്ഞുപോക്കാണ് ദൃശ്യമാകുന്നത്. 34 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ഇടതുപക്ഷത്തെ മറികടന്ന് മുഖ്യപ്രതിപക്ഷ കക്ഷിയായി മാറിയിരിക്കുന്നതും ബിജെപിയാണ്. 25 വര്‍ഷം ഭരണം നടത്തിയ ത്രിപുരയിലെ രണ്ടു സീറ്റും ഇത്തവണ കൈവിട്ടു പോകുമെന്നാണ് സ്ഥിതി. 2014 ല്‍ 64 ശതമാനം വോട്ടു നേടി രണ്ടു മണ്ഡലത്തിലും ജയിച്ച സ്ഥാനത്ത് ഇത്തവണ ഭരണം പോലുമില്ല.
കോണ്‍ഗ്രസ് ആര്‍ജെഡി സഖ്യവുമായി ചേര്‍ന്ന് മത്സരിക്കുന്ന ബീഹാറില്‍ ഉജിയാപൂര് സീറ്റിന് വേണ്ടി ലാലുവിനെ നേരില്‍ കാണാനായി സീതാറാം യെച്ചൂരി ജയിലില്‍ എത്തിയെങ്കിലും ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാതെ തിരിച്ചയയ്ക്കുകയായിരുന്നു. സിപിഎം അംഗസംഖ്യയുടെ കാര്യത്തില്‍ ഏഴാം സ്ഥാനത്തുള്ള ബീഹാറിലും അണികളുടെ കൊഴിഞ്ഞുപോക്ക് ശക്തമാണ്. 2015 ല്‍ 25,000 പേരുണ്ടായിരുന്ന സിപിഎം അംഗസംഖ്യ 2017 ല്‍ 18,000 മായി കുറയുകയും ചെയ്തിട്ടുണ്ട്. വലിയ കര്‍ഷകമാര്‍ച്ച് നടന്ന മഹാരാഷ്ട്രയില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ സിപിഎമ്മിന് ഒരു സീറ്റ് പോലും നല്കാന് കോണ്‍ഗ്രസ് - എന്‍സിപി സഖ്യം തയ്യാറായിരുന്നില്ല. 2009 ല്‍ 96,000 വോട്ടുകള്‍ നേടിയ പാര്‍ട്ടിക്ക് 2014 ല്‍ വോട്ട് 75,000 മായി കുറഞ്ഞു. എന്‍സിപി - കോണ്‍ഗ്രസ് സഖ്യത്തില്‍ പെടുന്ന ബഹുജന്‍ വികാസ് അഗാതി 2009 ല്‍ മൂന്ന് ലക്ഷം വോട്ടുകള്‍ നേടി വിജയിച്ച പാല്‍ഗഡ് സീറ്റ് സിപിഎം ചോദിച്ചെങ്കിലും നല്‍കിയില്ല. സിപിഎമ്മിന് എംഎല്‍എ യുള്ള ഡിംഡോളിയും ചോദിച്ചെങ്കിലും കിട്ടിയില്ല. 2009 ല്‍ ഒരു ലക്ഷം വോട്ടു നേടിയ മണ്ഡലത്തില്‍ 2014 ല്‍ കിട്ടിയത് 70,000 വോട്ടാണ്. ഇവിടെ ബിജെപി ആകട്ടെ അഞ്ചു ലക്ഷം വോട്ടും എന്‍സിപി രണ്ടു ലക്ഷം വോട്ടും നേടുകയും ചെയ്തു.
വന്‍ കര്‍ഷക പ്രക്ഷോഭം നടത്തിയെങ്കിലും കിസാന്‍ സഭയുടെ മെമ്പര്‍ഷിപ്പ് കൂടിയില്ല. 2017 ല്‍ 2,65,000 ഉണ്ടായിരുന്ന മെമ്പര്‍ഷിപ്പ് 2,40,000 ആയി ചുരുങ്ങി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് നേടിയ രാജസ്ഥാനില്‍ പാര്‍ട്ടിക്ക്് മൊത്തമുള്ള മെമ്പര്‍മാരുടെ എണ്ണം നാലായിരമാണ്. കോണ്‍ഗ്രസുമായി നേരത്തേ തന്നെ കൂട്ടുകെട്ടുള്ള ഒഡീഷയില്‍ കെട്ടിവെച്ച കാശുപോലും കിട്ടുമെന്ന് ഉറപ്പില്ല. ഒരു കാലത്ത് വലിയ ശക്തി കേന്ദ്രമായിരുന്ന തെലുങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലും സിപിഎമ്മിന് രക്ഷയില്ല. 2015 ല്‍ 47,000 പാര്‍ട്ടി മെമ്പറന്മാരുള്ള തെലുങ്കാനയില്‍ 2017 എത്തിയപ്പോള്‍ 37,000 ലേക്ക് വീണിരിക്കുകയാണ്. ആന്ധ്രയിലാകട്ടെ 33,000 ഉണ്ടായിരുന്ന മെമ്പര്‍ഷിപ്പ് 26,000 മായും കുറഞ്ഞു.
കേരളത്തിന് പുറമേ തമിഴ്നാട് മാത്രമാണ് ഫലത്തില്‍ സിപിഎമ്മിന് ആശ്വാസം നല്‍കുന്നത്. ഡിഎംകെ- കോണ്‍ഗ്രസ് മുന്നണിയില്‍ രണ്ടു സീറ്റ് മത്സരിക്കാന്‍ കിട്ടിയിട്ടുണ്ട്. മധുര, കോയമ്പത്തൂര്‍ സീറ്റുകളില്‍ പക്ഷേ ഇത്തവണ ജയിക്കുമോ എന്ന കാര്യം കണ്ടറിയണം. ബിജെപിയുമായി സിപിഎം നേരിട്ട് ഏറ്റുമുട്ടുന്ന ഇന്ത്യയിലെ ഏക മണ്ഡലം കോയമ്പത്തൂരാണ്. അതേസമയം ഒരു ലക്ഷത്തോളം വരുന്ന അംഗസംഖ്യ ഇവിടെ 93,000 മായി കുറഞ്ഞിരിക്കുകയാണ്. ഒന്നരക്കോടിയോളം വരുന്ന അംഗ സംഖ്യയുള്ള കേരളം മാത്രമാണ് കൂട്ടത്തില്‍ പ്രതീക്ഷയ്ക്ക് ഏക വക.
ഇടതുപക്ഷത്ത് സിപിഎമ്മിനൊപ്പം തന്നെ പ്രധാന്യമുള്ള സിപിഐ ഇത്തവണ പരിപൂര്‍ണ്ണമായി ഇല്ലാതാകുമോ എന്ന ആശങ്കയും നില നില്ക്കുന്നു. 19 സംസ്ഥാനങ്ങളില്‍ 71 സീറ്റുകളിലാണ് സിപിഐ അവരുടെ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചത്. ശതാബ്ദി ആചരണത്തിന് തയ്യാറെടുക്കുന്ന സിപിഐയും സഖ്യ സാധ്യതയിലെ പ്രതീക്ഷയിലാണ്. ബീഹാറിലെ ബഗുസരായ് മണ്ഡലത്തില്‍ മത്സരിക്കുന്ന കനയ്യാകുമാര്‍ മാത്രമാണ് സിപിഐ യുടെ പുറത്തെ പ്രധാനപ്രതിനിധി. പാര്‍ട്ടിയുടെ ഏറ്റവും ശക്തമായ അടിത്തറയുള്ള കേരളത്തില്‍ തിരുവനന്തപുരം, വയനാട്, തൃശൂര്‍ മണ്ഡലങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്. സര്‍വേ പ്രകാരം ഇടതുപക്ഷം ജയിക്കാന്‍ സാധ്യത കല്‍പ്പിക്കുന്ന എക്സിറ്റ്പോള്‍ സീറ്റുകളില്‍ ഒന്നില്‍ പോലും സിപിഐ ഇല്ല താനും.






