
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ നരേന്ദ്രമോഡിക്ക് ക്ളീന്‍ ചിറ്റ് നല്‍കിയതിനെതിരേയുള്ള തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന നിലപാടില്‍ ഉറച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് അംഗം അശോക് ലവാസ. കമ്മീഷനിലെ ഭിന്നത പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ ശക്തമായി നടക്കുമ്പോഴാണ് ലവാസ രംഗത്ത് വന്നിരിക്കുന്നത്.
തന്റെ വിയോജിപ്പ് മിനിട്സില്‍ രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ ബാദ്ധ്യതയാണെന്നും പറഞ്ഞു. ലവാസയെ അനുനയിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് യോഗം ചേരാനിരിക്കെയാണ് ലവാസ തന്റെ നിലപാട് വീണ്ടും ആവര്‍ത്തിച്ചത്. സുപ്രീംകോടതി ഇടപെടലുണ്ടാകുന്നത് വരെ തെരഞ്ഞെടുപ്പ് കമ്മീഷന് ചട്ടലംഘനങ്ങളില്‍ നടപടിയെടുത്തില്ലെന്നും ലവാസ ആരോപിക്കുന്നു. ലവാസ ഇടഞ്ഞതോടെ തെരഞ്ഞെടുപ്പ് കമ്മീഷനിലെ വിഭാഗീകത മറനീക്കി പുറത്തു വന്നിരിക്കുകയാണ്.
സൈന്യത്തെ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരാമര്‍ശിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ നരേന്ദ്രമോഡിക്ക് പെരുമാറ്റച്ചട്ട ലംഘനത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരായി താന്‍ ഉയര്‍ത്തിയ വിയോജിപ്പ് മിനിട്സില്‍ രേഖപ്പെടുത്താത്തതാണ് പരസ്യ വിമര്‍ശനത്തിലെത്തിച്ചത്.
17 ാം ലോകസഭാ തെരഞ്ഞെടുപ്പിനിടെ നരേന്ദ്ര മോദിക്ക് ഒമ്പത് തവണയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ക്ലീന്‍ ചിറ്റ് നല്‍കിയത്. ഇതിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണപ്രത്യാരോപണങ്ങളുമായി കമ്മീഷനെ സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ലവാസ കമ്മീഷനെതിരേ പരസ്യമായി രംഗത്ത് വന്നതും വലിയ വിവാദം ഉയര്‍ത്തി വിട്ടതും.






