
ജമ്മു: ബലാക്കോട്ട് സര്‍ജിക്കല്‍ സ്ട്രൈക്കുമായി ബന്ധപ്പെട്ട് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കൊമ്പു കോര്‍ത്തത് ചെറുതായിട്ടൊന്നുമല്ല. എന്നാല്‍ ഇന്ത്യ ആദ്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത് നരേന്ദ്രമോഡിയുടെ കാലത്തായിരുന്നെന്ന വെളിപ്പെടുത്തലുമായി സൈനിക മേധാവി. മിലിട്ടറി ഓപ്പറേഷന് ഡയറക്ടര്‍ ജനറല്‍ അടുത്തിടെ വിവരാവകാശ രേഖയ്ക്ക് നല്കിയ മറുപടി ഉദ്ധരിച്ച് നോര്‍ത്തേണ്‍ ആര്‍മി കമാന്റ് ചീഫ് ലെഫ്നന്റ് ജനറല്‍ രണ്‍ബീര്‍ സിംഗിന്റേതാണ് വെളിപ്പെടുത്തല്‍.
2016 സെപ്തംബറിലാണ് ഇന്ത്യ ആദ്യമായി അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ അറ്റാക്ക് നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. 19 സൈനികരെ കൊലപ്പെടുത്തിയ 2016 ല്‍ നടന്ന ഉറി ആക്രമണത്തിന് തൊട്ടുപിന്നാലെ നല്കിയ തിരിച്ചടിയുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുമ്പും പിമ്പുമായി പല തവണ ബിജെപി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആറ് സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു ഇതിന് കോണ്‍ഗ്രസിന്റെ മറുപടി. എന്നാല്‍ ഇതിനെ തള്ളിക്കളയുന്നതായി രണ്‍ബീര്‍ സിംഗിന്റെ പ്രസ്താവന.
പുല്‍വാമ ആക്രമണത്തിന് തൊട്ടുപിന്നാലെ ഫെബ്രുവരി 26 ന് വ്യോമസേന പാകിസ്താനിലെ ബലാക്കോട്ടേയില്‍ ജെയ്ഷെ മുഹമ്മദ് ക്യാമ്പിന് മേല്‍ നല്കിയ മറുപടിയില്‍ രണ്‍ബീര്‍ സിംഗ് ഭാഗഭാക്കായിരുന്നു. '' നമ്മുടെ വിമാനങ്ങള്‍ അവരുടെ പ്രദേശങ്ങളുടെ ഉള്ളിലേക്ക് കടന്ന് ആക്രമണം നടത്തി. നമ്മുടെ പ്രതിരോധവും ആക്രമണവും സൈനീക തന്ത്രവും എല്ലായ്പ്പോഴും വ്യക്തമായിരുന്നു. പാകിസ്താനില്‍ നിന്നും എന്തുതരം പ്രകോപനം ഉണ്ടായാലും തക്കതായ മറുപടി അപ്പോള്‍ നല്‍കുമായിരുന്നു.'' അദ്ദേഹം പറഞ്ഞു.
അതേസമയം ഇപ്പോഴും അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം, വെടിനിര്‍ത്തല്‍ ലംഘനം, മയക്കുമരുന്ന് കടത്ത്, മയക്കുമരുന്നും കള്ളനോട്ട് പ്രചരിപ്പിക്കലുമെല്ലാം പാകിസ്താന് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും പറഞ്ഞു. അതേസമയം ജമ്മു കശ്മീരില്‍ സ്ഥിതി നിയന്ത്രണവിധേയമായിട്ടുണ്ട്. ഈ വര്‍ഷം 86 തീവ്രവാദ പ്രവര്‍ത്തനങ്ങളാണ് സൈന്യം നിര്‍വ്വീര്യമാക്കിയത്. ജമ്മു കശ്മീരില്‍ അടുത്തിടെ സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞതിന് കാരണം സൈന്യമല്ല സംസ്ഥാനത്തെ സര്‍ക്കാരിന്റെ ഗുണമാണെന്നും ഇത്തരം സമാധാനം തുടരണമെങ്കില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരത്തേ തന്നെ കണ്ടെത്തി ഇല്ലാതാക്കേണ്ടതാണെന്നും പറഞ്ഞു. സര്‍ജിക്കല്‍ ഓപ്പറേഷന് പോലെ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെയേ സാധിക്കൂവെന്നും പറഞ്ഞു.






