
ന്യൂഡല്‍ഹി: സാമ്പിള്‍ വിവിപാറ്റും ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകളും തമ്മില്‍ ക്രമക്കേടുണ്ടെങ്കില്‍ പ്രസ്തുത മണ്ഡലത്തിലെ മുഴുവന്‍ വിവിപാറ്റ് രസീതുകളും എണ്ണണമെന്ന് 22 പ്രതിപക്ഷ പാര്‍ട്ടികള്‍. ഇത് സംബന്ധിച്ച് പാര്‍ട്ടി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കിയിട്ടുണ്ട്. തീരുമാനം നാളെ അറിയിക്കാമെന്നാണ് കമ്മീഷന്റെ നിലപാട്.
വിവിപാറ്റ് രസീതുകള്‍ എണ്ണിയ ശേഷം മാത്രം ഇ.വി.എമ്മിലെ വോട്ടുകള്‍ എണ്ണണമെന്നും ഇവര്‍ കമ്മീഷനോട് ആവശ്യപ്പെട്ടു. എന്തെങ്കിലും പിഴവ് കാണുകയാണെങ്കില്‍ മുഴുവന്‍ വിവിപാറ്റുകളും എണ്ണി, അതിന്റെ അടിസ്ഥാനത്തിലായിരിക്കണം ഫലം പ്രഖ്യാപിക്കേണ്ടതെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വേണ്ടത്ര ഉത്തരവാദിത്തം കാട്ടിയില്ലെന്നും ആവശ്യത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.അതേസമയം യന്ത്രങ്ങളുടെ സുരക്ഷയില്‍ സംശയം വേണ്ടെന്നാണ് കമ്മീഷന്റെ നിലപാട്.
ചാനലുകളുടെ വിഡിയോയില്‍ കാണിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പിനു ഉപയോഗിച്ചതല്ലെന്ന് പ്രതിപക്ഷനേതാക്കളെ അറിയിച്ചു. അതുപോലെ തന്നെ വോട്ടിംഗ് യന്ത്രങ്ങളെ പറ്റിയുള്ള പ്രതിപക്ഷത്തിന്റെ പരാതികള്‍ കമ്മീഷന് തള്ളിക്കളഞ്ഞു. വിശദമായ നിവേദനം നല്‍കിയാണ് പിന്നീട് പ്രതിപക്ഷ നേതാക്കള്‍ മടങ്ങിയത്. വോട്ടെണ്ണുംമ്പോള് വിവി പാറ്റ് സ്ലിപ്പുകള്‍ ആദ്യം എണ്ണണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് 1.30നു കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ യോഗം ചേര്‍ന്നതിനു ശേഷമാണ് പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടികാഴ്ച നടത്തിയ്ത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ഡിഎംകെ നേതാവ് കനിമൊഴി, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം കമ്മീഷനെ കണ്ടത്.






