
ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പല സംസ്ഥാനങ്ങളിലും സ്ട്രോംഗ് റൂമുകള്‍ക്ക് മുന്നില്‍ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരുടെ കാവല്‍. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ വോട്ടിംഗ് മെഷീനുകള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നതിന് പുറമേയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പുറത്ത് രാവും പകലുമായി കാവല്‍ കിടക്കുന്നത്.
വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം കാട്ടുന്നതായുള്ള ആരോപണം ഉയര്‍ത്തി വിവിധ വീഡിയോകള്‍ പ്രത്യക്ഷപ്പെടുകയും ഇതിനെതിരേ പ്രതിഷേധം ഉയരുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് കാവല്‍ കിടക്കുന്നത്. മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവും ഭോപ്പാലിലെ സ്ഥാനാര്‍ത്ഥിയുമായ ദിഗ്വിജയ് സിംഗ് ഭാര്യയ്ക്കൊപ്പം സെന്‍ട്രല്‍ ജയിലില്‍ വോട്ടിംഗ് മെഷീന് സൂക്ഷിച്ചിട്ടുള്ള സ്ട്രോംഗ് റൂം സന്ദര്‍ശിക്കാന്‍ കഴിഞ്ഞ രാത്രി എത്തി. യുപിയിലെ മീററ്റ്, സോണിയയുടെ മണ്ഡലമായ റായ്ബറേലി എന്നിവിടങ്ങളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് സൂക്ഷിച്ചിരുന്ന മുറിക്ക് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാവലിരുന്നിരുന്നു. ഛണ്ഡീഗഡില്‍ തിങ്കളാഴ്ച മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ട്രോംഗ് റൂമിന് മുന്നില്‍ കാവലായിരുന്നു. 24 മണിക്കൂറും സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ കണ്ണും നട്ട് വിവിധ പാര്ട്ടിക്കാര് കാത്തിരിപ്പുണ്ട്. സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളും ഇടയ്ക്കിടെ കൗണ്ടിംഗ് റൂമിലെത്തി പരിശോധനകള്‍ നടത്തുന്നുണ്ട്.
നേരത്തേ മുംബൈ കോണ്‍ഗ്രസ് തലവന്‍ മിലിന്ദ് ദിയോറ സ്റ്റോറേജ് റൂമില്‍ ഇടയ്ക്കിടെ പരിശോധന വേണമെന്നും കഴിയുമെങ്കില്‍ സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പാസ്വേഡ് നല്‍കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തയച്ചു. മുംബൈ നോര്‍ത്ത് വെസ്റ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സഞ്ജയ് നിരുപം സുരക്ഷാ ക്രമീകരണം പരിശോധിക്കുന്നതിന് ഇന്നലെ ഗുര്‍ഗോണിലെ എണ്ണല്‍ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു. ആസ്സാമിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന കാമ്രപിലെ സ്റ്റോര്‍ റൂമിലേക്കുള്ള വഴിയില്‍ ഇരിപ്പുറപ്പിച്ചിരിക്കുകയാണ്. നാളെ രാവിലെ എട്ടു മണിയോടെയാണ് വോട്ടെണ്ണല്‍ തുടങ്ങുക. അതേസമയം വോട്ടിംഗുമായി ബന്ധപ്പെട്ട് അനാവശ്യമായ വിവാദം ഉണ്ടാക്കുന്നതില്‍ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.






