
അമേഠി: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കു വേണ്ടി തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ച ബിജെപി പ്രവര്‍ത്തകനെ വെടിവെച്ചുകൊന്നു. മുന്‍ ഗ്രാമമുഖ്യന് കൂടിയായ സുരേന്ദ്രന് സിങ്ങിനു നേരെയാണ് ശനിയാഴ്ച വീട്ടിലെത്തിയ അക്രമികള്‍ വെടിയുതിര്‍ത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
രാഷ്ട്രീയ കാരണങ്ങള്‍ തന്നെയാണ് കൊലപാതകത്തിന്റെ പിന്നിലെന്ന് സംശയിക്കുന്നതായും അമേഠി പോലീസ് സൂപ്രണ്ട് രാജേഷ് കുമാര്‍ വ്യക്തമാക്കി. അമേഠിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സ്മൃതി എത്തിയതുമുതല്‍ സുരേന്ദ്ര സിങ് അവര്‍ക്കൊപ്പം സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നു. അതേസമയം ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല.
കേന്ദ്രസര്‍ക്കാരിന്റെ ഗ്രാമ വികസന പദ്ധതിയായ സന്‍സദ് ആദര്‍ഷ് ഗ്രാം യോജനയുടെ ഭാഗമായി 2015 ല്‍ അന്നത്തെ പ്രതിരോധ മന്ത്രിയായ മനോഹര്‍ പരീക്കര്‍ ദത്തെടുത്ത അമേഠിയിലെ ബരാവുലിയ ഗ്രാമത്തിന്റെ തലവനായിരുന്നു സുരേന്ദ്രര്‍ സിങ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനായി ഇദേഹം ഗ്രാമമുഖ്യന്റെ പദവി ഒഴിയുകയായിരുന്നു. സ്മൃതി ഇറാനി തന്റെ പ്രസംഗത്തില്‍ സുരേന്ദ്രര്‍ സിങ്ങിനെ പേരെടുത്ത് പ്രശംസിച്ചിരുന്നു.






