
ന്യൂഡല്‍ഹി: പഴയ പടക്കുതിരകളില്‍ പലരേയും പുറത്ത് നിര്‍ത്തി 20 പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 57 അംഗ മന്ത്രിസഭയുമായി നരേന്ദ്ര ദാമോദര്‍ദാസ് മോഡി രണ്ടാംവട്ടവും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി. മോഡിക്കു പുറമേ 24 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള ഒമ്പതു സഹമന്ത്രിമാരും 24 സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിമാരില്‍ ആറുപേര്‍ വനിതകളാണ്. താരതമ്യങ്ങളില്ലാത്ത നേതാവിലേക്കുള്ള വളര്‍ച്ചയില്‍ താങ്ങും തുണയുമായിരുന്ന അമിത് ഷാ പുതിയ മന്ത്രിസഭയിലും മോഡിക്കു വലംെകെയാകും.
മോഡിക്കും രാജ്നാഥ് സിങ്ങിനും പിന്നില്‍ മൂന്നാമനായാണു ഷാ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഏറ്റുചൊല്ലിയത്. അരുണ്‍ ജയ്റ്റ്ലി, സുഷമാ സ്വരാജ്, സുരേഷ് പ്രഭു, മനേകാ ഗാന്ധി തുടങ്ങി പരിചയസമ്പന്നരുടെ അഭാവം നിഴലിക്കുന്ന മന്ത്രിസഭയില്‍ െചെനാ-യൂറോപ്പ് നയതന്ത്രവിദഗ്ധനായ മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ അപ്രതീക്ഷിത സാന്നിധ്യമായി.
വി. മുരളീധരനിലൂടെ കേരളത്തിന് ഒരു കേന്ദ്രസഹമന്ത്രിപദം ലഭിച്ചു. അതേസമയം, കഴിഞ്ഞതവണ കേരളത്തെ പ്രതിനിധീകരിച്ച അല്‍ഫോന്‍സ് കണ്ണന്താനത്തിന് ഇക്കുറി മന്ത്രിസഭയില്‍ ഇടം ലഭിച്ചില്ല.
ഒരു മന്ത്രിപദത്തില്‍ ഒതുങ്ങുമെന്നായതോടെ ജനതാദള്‍ (യു) സര്ക്കാരിലേക്കില്ലെന്നു പ്രഖ്യാപിച്ചു. എന്നാല്‍, എന്‍.ഡി.എയില്‍ തുടരും. രാഷ്ട്രപതിഭവന്റെ വിശാലമായ മുറ്റത്തു നടത്തിയ ചടങ്ങില്‍ മോഡിയെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചതോടെ ആരവങ്ങളുയര്‍ന്നു.
വിദേശരാഷ്ട്രത്തലവന്മാരും ബിസിനസ്, കലാരംഗങ്ങളിലെ പ്രമുഖരുമടക്കം എണ്ണായിരത്തോളം അതിഥികള്‍ക്കു മുന്നിലായിരുന്നു മോഡിയുടെ രണ്ടാം സ്ഥാനാരോഹണം. മോഡിക്കു പിന്നാലെ രാജ്നാഥ് സിങ്. തുടര്‍ന്ന് അമിത് ഷാ, നിതിന്‍ ഗഡ്കരി, ഡി.വി. സദാനന്ദ ഗൗഡ, നിര്‍മല സീതാരാമന്... പതിനഞ്ചാമതു സ്മൃതി സുബിന് ഇറാനി എന്ന പേരിനു വന്‍കരഘോഷം അകമ്പടിയായി.
ഘടകകക്ഷി നേതാക്കളില്‍നിന്നു രാംവിലാസ് പാസ്വാനാണ് (എല്‍.ജെ.പി) ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ബി.ജെ.പിയിലെ മുഖ്താര്‍ അബ്ബാസ് നഖ്വിയാണ് മന്ത്രിസഭയിലെ ഏക മുസ്ലിം മുഖം. മന്ത്രിമാരില്‍ 36 പേര് രണ്ടാം തവണയാണു മന്ത്രിസഭയിലെത്തുന്നത്.
ഇന്നലെ സത്യപ്രതിജ്ഞ ചെയ്തവരില്‍ 9 പേര് ഉത്തര്‍പ്രദേശില്‍നിന്നാണ്. ഏഴുപേരുള്ള മഹാരാഷ്ട്രയ്ക്കാണ് രണ്ടാംസ്ഥാനം. മന്ത്രിമാരില്‍ 45 പേര് ലോക്സഭാംഗങ്ങളും 10 പേര് രാജ്യസഭാംഗങ്ങളുമാണ്. പാര്‍ലമെന്റംഗമല്ലാത്ത എസ്. ജയശങ്കറും ഹര്‍ദീപ് സിങ് പുരിയും മന്ത്രിസഭയിലുണ്ട്. യു.എന്നില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്ന പുരി ഇക്കുറി അമൃത്സറില് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
കഴിഞ്ഞ സര്‍ക്കാരില്‍ വനിതാ-ശിശുക്ഷേമമന്ത്രിയായിരുന്ന മനേക ഗാന്ധി ഇക്കുറി പ്രോടെം സ്പീക്കറാകുമെന്നാണു സൂചന. ആര്.എസ്.എസിന്റെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡ പാര്‍ട്ടിയില്‍ അമിത് ഷായുടെ പിന്‍ഗാമിയായേക്കും. പ്രധാനമന്ത്രിയടക്കം 85 പേരാണു കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്നത്. 38 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 11 സഹമന്ത്രിമാരും 36 സഹമന്ത്രിമാരും.
പാര്‍ലമെന്റ് സമ്മേളനത്തോടനുബന്ധിച്ച് മന്ത്രിസഭാവികസനമുണ്ടാകും. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുന്‍പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി, സദ്ഗുരു ജഗ്ഗി വാസുദേവ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളുടെ നിരയിലുണ്ടായിരുന്നു.






