
സോള്‍ : അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായുള്ള പരാജയപ്പെട്ട രണ്ടാം കൂടിക്കാഴ്ചയുടെ തലച്ചോറായിരുന്ന നയതന്ത്ര ഉദ്യോഗസ്ഥനെ ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്‍ വധിച്ചതായി റിപ്പോര്‍ട്ട്. വിയറ്റ്നാം തലസ്ഥാനം ഹാനോയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടന്ന രണ്ടാം കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ഉത്തരകൊറിയന്‍ നയതന്ത്ര ഉദ്യോഗസ്ഥന് കിം ഹ്യോക് ചോലിനെ കിമ്മിന്റെ നിര്‍ദേശാനുസരണം ഉത്തരകൊറിയന്‍ സൈന്യം വെടിവെച്ചു കൊന്നതായിട്ടാണ് റിപ്പോര്‍ട്ട്.
രാഷ്ട്രതലവനെ ഒറ്റുകൊടുത്തു എന്ന കാരണത്തിനാണ് ഹ്യോക് ചോലിനെ വധശിക്ഷയ്ക്ക് വിധേമാക്കിയത് എന്നാണ് വിവരം. കഴിഞ്ഞ മാര്‍ച്ചില്‍ പ്യൊംഗ്യാമിലെ മിറിം വിമാനത്താവളത്തില്‍ വെച്ച് കിമ്മിന്റെ സൈന്യം ചോലിനെ വെടിവെച്ചു കൊന്നെന്നാണ് റിപ്പോര്‍ട്ട്്. ഉച്ചകോടിയില്‍ ഇദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച മറ്റു നാലു പേരുടെ വിവരം അറിവായിട്ടില്ല. അമേരിക്കന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. അതേസമയം തന്നെ വാര്‍ത്തയുടെ ഉറവിടം രഹസ്യമാണ്.
കിമ്മും ട്രംപും തമ്മില്‍ ഹാനോയില്‍ നടന്ന രണ്ടാംവട്ട ചര്‍ച്ച ആണവ നിരായുധീകരണത്തില്‍ തട്ടി പരാജയപ്പെട്ടിരുന്നു. ഹാനോയി ഉച്ചകോടിയ്ക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്തത് ചോലായിരുന്നു. 4000 കിലോമീറ്റര്‍ താണ്ടി ചൈന കടന്നെത്തിയ കിമ്മിനൊപ്പം സ്വകാര്യ ട്രെയിനില്‍ ഉണ്ടായിരുന്നയാളാണ് ചോല്. ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ ചോലിനെ ചൈനീസ് അതിര്‍ത്തിയിലെ ജഗാംഗ് പ്രവിശ്യയിലെ ലേബര്‍ ക്യാംപിലേക്ക് പുനര്‍ വിദ്യാഭ്യാസത്തിന് അയച്ചതായും സ്ഥാനത്ത് നിന്നും ഇദ്ദേഹത്തെ നീക്കിയെന്നും നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു.
പോംപിയോയുമായി ചര്‍ച്ചയ്ക്ക് കിം ഹ്യോക് ചോലിനൊപ്പം ഉണ്ടായിരുന്ന സ്ത്രീ കിം സോംഗ് ഹ്യീ യെയും ഉച്ചകോടിയില്‍ പരിഭാഷകയായിരുന്നു ഷിന് ഹീ യോംഗിനെയും ജയിലില്‍ അടച്ചതായും കേട്ടിരുന്നു. ചര്‍ച്ച പരാജയപ്പെട്ട് ട്രംപ് ടേബിളില്‍ നിന്നും എഴുന്നേറ്റ് പോയപ്പോള്‍ കിമ്മിന്റെ പുതിയ നിര്‍ദേശം പരിഭാഷപ്പെടുത്താന്‍ പരാജയപ്പെട്ടു എന്നതാണ് ഷിന് ഹീ യോംഗിന് വിനയായത്. ഫെബ്രുവരിയില്‍ നടന്ന ഹാനോയി ഉച്ചകോടിയില്‍ അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീഫന്‍ ബീഗത്തിനൊപ്പം ചര്‍ച്ച നടത്തിയത് കിം ഹ്യോക് ചോല് ആയിരുന്നു. അതേസമയം ആരോപണത്തില്‍ കൊറിയന്‍ അന്താരാഷ്ട്ര ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്ന മന്ത്രാലയം പ്രതികരിക്കാന്‍ വിസമ്മതിച്ചു.
കിംഗ് ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപും തമ്മിലുള്ള രണ്ടാം കൂടിക്കാഴ്ച വലിയ പരാജയമായതിന് കാരണം ഉത്തര കൊറിയക്ക് മേലുള്ള ഉപരോധം നീക്കണമെന്ന കിം ജോങ് ഉന്നിന്റെ ആവശ്യമായിരുന്നു. ചര്‍ച്ചയില്‍ തീരുമാനം ആകാതിരുന്നതിനെ തുടര്‍ന്ന് ട്രംപ് വേദിയില്‍ നിന്നും ഇറങ്ങിപ്പോവുക ആയിരുന്നു. കൂടിക്കാഴ്ചയില്‍ ഒരു കരാറും ഉണ്ടാക്കാനും കഴിഞ്ഞിരുന്നില്ല. പിന്നീട് ചര്‍ച്ച പരാജയപ്പെട്ടതായി വൈറ്റ് ഹൗസും വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ പിന്നീട് ചര്‍ച്ച നടത്തുമെന്ന് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചെങ്കിലും ഒന്നും നടന്നുമില്ല.






