ചെന്നൈ: ഇത് ആദ്യമായി കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാതെ തമിഴ്നാട്. സംസ്ഥാനത്തെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ കേന്ദ്രത്തില്‍ എന്‍.ഡി.എയ്ക്ക് ഒപ്പമാണെങ്കിലും ഒരു സഹമന്ത്രി സ്ഥാനം പോലും ഇത്തവണ ലഭിച്ചില്ല. ഇ.പി.എസ്-ഒ.പി.എസ് പക്ഷങ്ങളുടെ തമ്മിലടിയും ബി.ജെ.പി സ്ഥാനാര്‍ത്ഥികളെല്ലാം പരാജയപ്പെട്ടതുമാണ് മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കാതെ പോകാന്‍ കാരണം.
അണ്ണാ ഡി.എം.കെയുടെ ഏക വിജയി ഒ.പി.എസിന്റെ മകന് ഒ.പി രവീന്ദ്രനാഥാണ്. മകന് കേന്ദ്രമന്ത്രി സ്ഥാനത്തിനായി ഒ.പി.എസ് പല ബി.ജെ.പി കേന്ദ്രങ്ങളെയും കണ്ടിരുന്നു. മകനെ കേന്ദ്രമന്ത്രിയെന്ന് വിശേഷിപ്പിച്ച് ക്ഷണക്കത്ത് തയ്യാറാക്കി ഒ.പി.എസ് പ്രവര്‍ത്തകര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പിന്തുണ രാജ്യസഭാംഗമായ വൈദ്യലിംഗത്തിനായിരുന്നു. വൈദ്യലിംഗത്തിന് മന്ത്രിസ്ഥാനം ലഭിക്കാന്‍ എടപ്പാടിയും ബി.ജെ.പി കേന്ദ്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
ഒഴിവ് വരുന്ന ഒരു സീറ്റുകള്‍ ഉള്‍പ്പെടെ അണ്ണാ ഡി.എം.കെയ്ക്ക് രാജ്യസഭയില്‍ 16 എം.പിമാരുടടെ അംഗബലമുണ്ടാകും. അതുകൊണ്ടുതന്നെ കേന്ദ്രമന്ത്രിസഭയില്‍ ഇടം ലഭിക്കുമെന്നാണ് അണ്ണാ ഡി.എം.കെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഒ.പി.എസ്-ഇ.പി.എസ് പോരില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയെന്ന വികാരമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നത്.
കന്യാകുമാരിയില്‍ പരാജയപ്പെട്ട മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്, ദേശീയ സെക്രട്ടറി എച്ച് രാജ എന്നിവരുടെ പേരുകള്‍ ബി.ജെ.പി തമിഴ്നാട് ഘടകം മന്ത്രിസ്ഥാനത്തിനായി ശിപാര്‍ശ ചെയ്തിരുന്നു എന്നാല്‍ അതും പരിഗണിക്കപ്പെട്ടില്ല. ദേശീതതലത്തില് ബി.ജെ.പി അനുകൂലമായി തരംഗമുണ്ടായിട്ടും തമിഴ്നാട്ടില്‍ രണ്ട് ശതമാനത്തിലധികം വോട്ട് കുറഞ്ഞു. അഞ്ച് വര്‍ഷമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷയായി തുടരുന്ന തമിഴ്സൈ സൗന്ദരരാജന് പകരം പുതിയ അധ്യക്ഷനെ കൊണ്ടുവരാന്‍ ദേശീയ നേതൃത്വം ആലോചിക്കുന്നുണ്ട്.






