
തിരുവനന്തപുരം: നിപാ വൈറസ് കേരളത്തെ വീണ്ടും ആശങ്കപ്പെടുത്താന്‍ എത്തിയിരിക്കെ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് രോഗം കണ്ടെത്തുന്നതിനുള്ള പരിശോധനയ്ക്കുള്ള സംവിധാനങ്ങളുടെ അഭാവം. ഒരു തവണ വന്നുപോയ രോഗം വീണ്ടും ശക്തമായി തിരിച്ചുവരുമ്പോള്‍ രോഗ നിര്‍ണ്ണയം നടത്താനുള്ള പരിശോധനകള്‍ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് റിപ്പോര്‍ട്ട്.
കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പരിശോധനാ സംവിധാനം ഒരുക്കിയാല്‍ രോഗ നിര്‍ണ്ണയം എളുപ്പം സാധ്യമാകുകയും കാലതാമസം ഒഴിവാക്കുകയും ചെയ്യാനാകും. നിപ പോലെയുള്ള രോഗങ്ങള്‍ കണ്ടെത്തുന്ന തരം പരിശോധനകള്‍ക്ക് സാധ്യമാകും വിധം കോഴിക്കോട് വൈറോളി ഇന്‍സ്റ്റിറ്റിയൂട്ടിനെ ഉടന്‍ തന്നെ ഉയര്‍ത്തുമെന്നാണ് ആരോഗ്യമന്ത്രി അവസാനമായി പറഞ്ഞിരിക്കുന്നത്. ഇതിനായി മൂന്ന് കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തതായിട്ടാണ് വിവരം. എന്നാല്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ വൈകുകയാണ്.
ഒരിക്കല്‍ വരികയും 21 പേരുടെ ജീവന് എടുക്കുകയും ചെയ്ത നിപ പോലെയുള്ള രോഗങ്ങള്‍ വീണ്ടും വരുമ്പോള്‍ രോഗം സ്ഥിരീകരിക്കാന്‍ അന്യ സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവില്‍. എന്നാല്‍ കോഴിക്കോട് ഇന്‍സ്റ്റിറ്റിയുട്ടില്‍ സൗകര്യമുണ്ടാക്കാനായാല് അന്യ സംസ്ഥാന കേന്ദ്രങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും. കേരളത്തിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ (ഐസിഎംആര്‍) നിന്നും ഇക്കാര്യത്തില്‍ അംഗീകാരവും കിട്ടിയിട്ടുണ്ട്. ഐസിഎംആറില്‍ നിന്നും അംഗീകാരം കിട്ടിയാല്‍ ഉടന്‍ പ്രൊജക്ട് റിപ്പോര്‍ട്ട് അനുസരിച്ചുള്ള നടപടികള്‍ തുടങ്ങാനാകുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്ടെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് ലെവല്‍ ത്രീ സെന്ററാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ സജ്ജമാക്കുകയും ജീവനക്കാരെ എടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലൂം പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഇതിനൊപ്പം തിരുവനന്തപുരത്തെ സെന്ററും ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടും അപ്ഗ്രേഡ് ചെയ്യാന്‍ സര്‍ക്കാരിന് ഉദ്ദേശമുണ്ട്. അതേസമയം തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റിയൂട്ട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ സര്‍ക്കാരിന് രണ്ടു വര്‍ഷം കൂടി വേണ്ടിവരും. തിരുവനന്തപുരത്തെ തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഒന്നാം ഘട്ടം വരുന്നത്. ഉദ്ഘാടനം ചെയ്ത് രണ്ടു വര്‍ഷമായിട്ടും ഇതുവരെ ഇത് പൂര്‍ണ്ണരൂപത്തിലേക്ക് ആയിട്ടില്ല. മറ്റൊരു രണ്ടു വര്‍ഷം കൂടി എടുത്താലേ ഇതിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാകുകയുള്ളൂ.
ആദ്യഘട്ടത്തിലെ കെട്ടിടം ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി സംസ്ഥാന കൗണ്‍സില്‍ (കെഎസ് സിഎസ്ടിഇ) ആണ് തയ്യാറാക്കിയത്. രണ്ടാം കെട്ടിടം നിര്‍മ്മിക്കേണ്ടത് കേരളാ വ്യാവസായിക വികസന കോര്‍പ്പറേഷനും. 8000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം പൂര്‍ത്തിയാകാന്‍ ഇനിയും രണ്ടു വര്‍ഷം കൂടി എടുക്കേണ്ടി വരുമെന്നാണ് കണക്കു കൂട്ടുന്നത്. വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത് ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു. ആഗോള വൈറോളജി നെറ്റ് വര്‍ക്കില്‍ വരുന്ന 29 രാജ്യങ്ങളില്‍ നിന്നുള്ള 45 സെന്റര്‍ ഓഫ് എക്സലന്സുകളുമായി ബന്ധപ്പെടുന്ന രീതിയിലാണ് സെന്ററിന്റെ വിഭാവനം.
പൂര്‍ത്തിയായിട്ടുള്ള ആദ്യഘട്ടത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ക്കുള്ള പരിശീലനം മാത്രമാണ് തുടങ്ങിയിട്ടുള്ളത്. അതേസമയം ഇവിടെ സാമ്പിള്‍ പരിശോധനാ സംവിധാനം ഇല്ലാത്തതിനാല്‍ നിപ പോലെയുള്ള രോഗങ്ങള്‍ കണ്ടെത്താന്‍ ഇപ്പോഴും മണിപ്പാലിലെയും പൂനെയിലെയും വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടുകളെ സമീപിക്കേണ്ട സ്ഥിതിയാണ്. എന്നാല്‍ ഇവിടെ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ളവരെ നിയോഗിക്കാനുള്ള നിര്‍ദേശവും കെഎസ് സിഎസ്ടിഇ സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ട്. തീരുമാനം എടുക്കാതെ ധനവകുപ്പിന്റെ ക്ളീയറന്സിനായി ഫയല്‍ നീളുകയാണ്.
ലൈഫ് സയന്‍സ് പാര്‍ക്ക് പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ചത് 40 കോടി രൂപയായിരുന്നു. ബയോ ടെക്നോളജി ഇന്‍കുബേഷന്‍ സെന്റര്‍, വൈറോളജി സെന്റര്‍ എന്നിവയാണ് ലൈഫ് സയന്‍സ് പാര്‍ക്കിലെ രണ്ടു പ്രധാന പദ്ധതികള്‍. വ്യാവസായിക വികസന കോര്‍പ്പറേഷനാണ് ഇതിന്റെ നോഡല്‍ ഏജന്‍സി. വൈറോളജിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ആശ്രയിക്കാവുന്ന മറ്റൊരു സ്ഥാപനം കൊച്ചിയിലെ രാജീവ്ഗാന്ധി സെന്റര്‍ഫോര്‍ ബയോ ടെക്നോളജി(ആര്‍ജിസിബി) യാണ്.
നിപാ ഭീതി കേരളത്തെ ഒരിക്കല്‍ കൂടി പിടികൂടിയപ്പോള്‍ അക്കാര്യത്തില്‍ ആദ്യ സ്ഥിരീകരണം നല്കിയതും ഇവരായിരുന്നു. എന്നാല്‍ ഇവിടെയുള്ളത് നിപാ വൈറസുമായി ബന്ധപ്പെട്ട് ജൈവ സുരക്ഷാ പരിശോധനയിലെ ലെവല്‍ 3 മാത്രമാണ്. അതേസമയം ആറുതരം രാസ്പ്രക്രിയകള് നടത്താനുള്ള സൗകര്യം കൂടി കിട്ടിയാല്‍ നിപാ അടക്കം ഇവിടെ കണ്ടെത്താന്‍ കഴിയുമെന്നാണ് അവരുടെ അവകാശവാദം.
കേന്ദ്ര അനുമതി കിട്ടിയാല്‍ ആക്കൂളത്തെ 20 ഏക്കര്‍ കേന്ദ്രത്തില്‍ ബിഎസ് 4 ലാബ് സൗകര്യം ഒരുക്കാനാകും. ബിഎസ് 3 സൗകര്യം തന്നെ വൈറസ് കണ്ടെത്താനുള്ള സാമ്പിള്‍ ടെസ്റ്റിന് ഉപയുക്തമാണെങ്കിലും ഏകദേശം 100 കോടിയോളം ചെലവ് വരുന്ന വൈറല്‍ റിസര്‍ച്ചിന് കൂടുതല്‍ ഗുണകരമാകുന്ന ബിഎസ് 4 സൗകര്യമാണ് ഏറ്റവും ഫലപ്രദം. ഇതിന് വേണ്ടിയുള്ള നിര്‍ദേശം ആര്‍ജിസിബി വെച്ചിട്ടുണ്ടെങ്കിലും കേന്ദ്രം അംഗീകരിച്ചിട്ടില്ല. ഈ സംവിധാനത്തിന്റെ മെയ്ന്റനന്‍സ് ചെലവാണ് ഇവയില്‍ പ്രധാനം. 365 ദിവസവും 24 മണിക്കൂര്‍ സുരക്ഷിതമായി നിര്‍ത്താന്‍ ഒരിക്കലും വൈദ്യൂതിപോകാത്ത സംവിധാനം അടക്കമുള്ളവ ആവശ്യമുണ്ട്.
രാജ്യത്ത് തന്നെ ബിഎസ്-4 സംവിധാനമുള്ളത് പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലും ഭോപ്പാലിലെ പ്രതിരോധ ഗവേഷണ ശാലയിലും മാത്രമാണ്. അതേസമയം എബോള വൈറസ് ഒഴികെയുള്ള എല്ലാത്തരം ബിഎസ് 3 പരിശോധനാ സംവിധാനമുള്ള ആര്ജിബിസിയില് നടക്കുമെന്നും ഇവര്‍ പറയുന്നു. ചെലവേറിയ പരിശോധനാ സംവിധാനമാണെങ്കിലും സമൂഹത്തെ മുഴുവനും ഒരു പോലെ ബാധിക്കുന്ന തരം രോഗപ്രതിരോധം പോലെയുള്ള കാര്യത്തില്‍ സൗജന്യമായി പോലും ഇക്കാര്യം ചെയ്യാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍ബ്ബന്ധിതമാകുമെന്നും അധികൃതര്‍ പറയുന്നു.






