
തിരുവനന്തപുരം : ശബരിമല സംഘര്‍ഷസമയത്തു നിലയ്ക്കലില്‍ അന്നത്തെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോടു മോശമായി പെരുമാറിയതിന് അന്വേഷണം നേരിടുന്ന എസ്.പി. യതീഷ്ചന്ദ്ര വീണ്ടും വിവാദത്തില്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അനാദരം കാട്ടിയെന്നാണു പുതിയ ആരോപണം. നാലുമാസം മുമ്പു കേരള സന്ദര്‍ശനത്തിനിടയില്‍ തൃശൂരില്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ വേണ്ടത്ര ഗൗനിച്ചില്ലത്രേ.
പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് കഴിഞ്ഞ ജനുവരിയില്‍ യുവമോര്‍ച്ച സമ്മേളനത്തില്‍ പങ്കെടുക്കാനായി മോഡി തൃശൂരില്‍ എത്തിയപ്പോഴായിരുന്നു സംഭവം. മോഡി ഹെലികോപ്റ്ററില്‍ കുട്ടനല്ലൂര്‍ ഗവ. കോളജ് മൈതാനത്ത് ഇറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ തൃശൂര്‍ മേയര്‍, ജില്ലാ കലക്ടര്‍, തൃശൂര്‍ കമ്മിഷണര്‍ എന്നിവരെത്തിയിരുന്നു. വനിതകളായ മേയറും കലക്ടറും ഉപചാരപൂര്‍വം പ്രധാനമന്ത്രിയെ വരവേറ്റപ്പോള്‍ തൃശൂര്‍ ജില്ലാ പോലീസ് മേധാവിയായ കമ്മിഷണര്‍ യതീഷ്ചന്ദ്ര വേണ്ടത്ര ഗൗനിച്ചില്ലെന്നാണു ആരോപണം.
ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്കും മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസ് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു നിര്‍ദേശം നല്കി. നേരത്തേ മണ്ഡകാലത്ത് മുന്‍കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോടു യതീഷ്ചന്ദ്ര അപമര്യാദയായി പെരുമാറിയെന്ന ആരോപണം പാര്‍ലമെന്റില്‍ വരെ ഉന്നയിക്കപ്പെട്ടിരുന്നു.
ആ സംഭവത്തില്‍ അന്വേഷണം നടക്കുന്നതേയുള്ളൂ. സന്നിധാനത്ത് സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപിയുടെ വലിയ പ്രതിഷേധം നടന്നപ്പോള്‍ ശബരിമല സന്ദര്‍ശനത്തിനായി എത്തിയ അന്നത്തെ കേന്ദ്ര ധനസഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ കാര്‍ യതീഷ് ചന്ദ്ര തടഞ്ഞിരുന്നു. പമ്പയിലേക്കു സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തതു സംബന്ധിച്ചു കേന്ദ്ര സഹമന്ത്രിയുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ കേന്ദ്രമന്ത്രിയുടെ അകമ്പടി വാഹനങ്ങളില്‍ ഒന്ന് പമ്പയില്‍ പൊലീസ് തടഞ്ഞതും പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യതീഷ് ചന്ദ്രയ്ക്കെതിരേ പൊന്‍ രാധാകൃഷ്ണന് അവകാശ ലംഘന നോട്ടീസ് നല്‍കിയിരുന്നു. എസ്പി ശബരിമലയില്‍ വിശ്വാസികളെ ബുദ്ധിമുട്ടിക്കുകയാണെന്നും ധിക്കാരപരമായി തന്നോട് പെരുമാറിയെന്നും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ലെന്നും പരാമര്‍ശത്തില്‍ പറഞ്ഞിരുന്നു. ശബരിമലയില്‍ താന്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍ വാഹനം തടഞ്ഞ എസ്പി യതീഷ് ചന്ദ്ര തൃപ്തികരമായ മറുപടി നല്‍കിയില്ലന്നും ലോക്സഭയില്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ക്ക് സന്നിധാനത്ത് പോയി അന്ന് തന്നെ തിരിച്ചിറങ്ങണമെന്ന നിര്‍ദേശം നല്കി അത് അനുസരിപ്പിച്ചതും ബിജെപി നേതാവ് കെ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തതു യതീഷ് ചന്ദ്രയ്ക്ക് വിമര്‍ശനം വിളിച്ചുവരുത്തി.






