
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചു നില്ക്കുമ്പോള് കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ച നടത്തണമെന്ന ആവശ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് കത്തയച്ചു.
ഇമ്രാന്‍ഖാനുമായി കൂടിക്കാഴ്ചയ്ക്ക് താല്‍പ്പര്യമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് തൊട്ടു പിന്നാലെയാണ് നരേന്ദ്രമോഡിക്ക് ഇമ്രാന് കത്തയച്ച വിവരം പാക് മാധ്യമങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. മോദി അധികാരത്തിലെത്തിയ ശേഷം രണ്ടാം തവണയാണ് പരസ്പര സഹകരണം ലക്ഷ്യമിട്ടുള്ള സന്നദ്ധത പാകിസ്താന് അറിയിക്കുന്നത്. അടുത്താഴ്ച കിര്‍ഗിസ്ഥാനിലെ ബിഷ്കെക്കില്‍ നടക്കുന്ന സഹകരണ ഉച്ചകോടിയില്‍ ഇരുവരും പങ്കെടുക്കുന്നുണ്ട്.
എന്നാല്‍ മോഡിയും ഇമ്രാനും കൂടിക്കാഴ്ച നടത്തില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. കശ്മീര്‍ വിഷയം ഉള്‍പ്പെടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇമ്രാന് മോഡിക്ക് കത്തയച്ചത്. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പട്ടിണി മാറ്റാനും പ്രാദേശിക വികസനത്തിനുമായി സമാധാന ചര്‍ച്ച മാത്രമാണ് ഏക പോംവഴിയെന്ന് ഇമ്രാന്ഖാന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രണ്ടാംവട്ടവും അധികാരത്തിലെത്തിയ നരേന്ദ്ര മോദിയെ ഇമ്രാന്ഖാന് നേരത്തേ അഭിനന്ദിച്ചിരുന്നു. അതേസമയം പൂല്‍വാമ ആക്രമണത്തിന് പിന്നാലെ നടന്ന ബലാക്കോട്ടേ ആക്രമണവും പത്താന്‍കോട്ടിന് മറുപടിയായി നല്കിയ സര്‍ജിക്കല്‍ സ്ട്രൈക്കുമെല്ലമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വലിയ രീതിയില്‍ പ്രശ്നത്തില്‍ നില്ക്കുന്ന സാഹചര്യത്തിലാണ് നരേന്ദ്രമോഡി വീണ്ടും പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയിരിക്കുന്നത്.






