
ലക്നൗ: സ്ത്രീപീഡനങ്ങളും ബലാത്സംഗകേസുകളും തുടര്‍ച്ചയായി പരാമര്‍ശിക്കപ്പെടുന്ന ഇന്ത്യയില്‍ ബലാത്സംഗ കേസുകളുടെ വിശ്വസനീയത ചോദ്യം ചെയ്ത് ഉത്തര്‍പ്രദേശ് മന്ത്രിയുടെ പ്രതികരണം വിവാദമുയര്‍ത്തുന്നു. എല്ലാ ബലാത്സംഗ കേസുകളേയും ബലാത്സംഗത്തിന്റെ രീതിയില്‍ പരിഗണിക്കേണ്ട എന്നും വര്‍ഷങ്ങള്‍ നീണ്ട ബന്ധത്തിന് ശേഷം യുവതികള്‍ ബലാത്സംഗം ആരോപിച്ച് രംഗത്ത് വരുന്ന രീതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
യുപി ജലവകുപ്പ് മന്ത്രി ഉപേന്ദ്ര തിവാരിയാണ് ബലാത്സംഗത്തിന്റെ സ്വഭാവ സവിശേഷതകള്‍ പരാമര്‍ശിച്ച വിവാദം പിടിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടാല്‍ മാത്രം അതിനെ ബലാത്സംഗമായി കണക്കാക്കിയാല്‍ മതിയെന്നാണ് മന്ത്രിയുടെ പക്ഷം. വിവാഹിതകളായ 30-35 പ്രായത്തിനിടയില്‍ വരുന്ന സ്ത്രീകള്‍ ഇരകളാകുന്ന കാര്യത്തില്‍ ഏഴെട്ട് വര്‍ഷം ഒരു ബന്ധത്തില്‍ നിന്നവര്‍ക്ക് പരാതി ഉണ്ടാകേണ്ടത് അന്നായിരുന്നു എന്നും മന്ത്രി പറയുന്നു. മന്ത്രിയുടെ വിവാദ പ്രസ്താവനയുടെ വീഡിയോ ക്ളിപ്പിംഗുകള്‍ സാമൂഹ്യമാധ്യങ്ങളില്‍ പ്രചരിക്കുകയാണ്.
അതേസമയം എവിടെ ബലാത്സംഗ കേസുകള്‍ നടന്നാലും മുഖ്യമന്ത്രി നേരിട്ട് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്നും തിവാരി പറഞ്ഞു. ജൂണ്‍ മാസം ആദ്യ ആഴ്ചയില്‍ തന്നെ ഉത്തര്‍പ്രദേശില്‍ നാലു കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ട സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംഭവങ്ങളില്‍ അലിഗഡില്‍ രണ്ടു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ബലാത്സംഗം നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്. പെണ്‍കുട്ടിയുടെ മൃതദേഹം ചവറുകൂനയില്‍ നിന്നുമായിരുന്നു കണ്ടെത്തിയത്. ബരാബങ്കി ജില്ലയില്‍ മൂന്ന് വയസ്സുകാരി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഒരു 40 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ബറേലിയിലെ ജഗന്നാഥപൂര്‍ ഗ്രാമത്തില്‍ എട്ടുവയസ്സുകാരി ബലാത്സംഗത്തിന് ഇരയായിരുന്നു.






