
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിലെ അധികാര തര്‍ക്ക പരിഹാരത്തിന് പുതിയ ഫോര്‍മുലയുമായി മുതിര്‍ന്ന നേതാവ് പി.ജെ. ജോസഫ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സി.എഫ് തോമസിനെ ചെയര്‍മാനായും ജോസ് കെ.മാണിയെ ഡെപ്യൂട്ടി ചെയര്‍മാനായും ഉയര്‍ത്തിക്കാണിക്കുന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലമാണ് ജോസഫ് കൊണ്ടുവന്നത്. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാനായും നിയമസഭാ കക്ഷിനേതാവായും പി.ജെ ജോസഫ് വഹിക്കും.
ചെയര്മാന് സ്ഥാനം മാണി വിഭാഗത്തിനു തന്നെ വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജോസ് കെ.മാണി. കെ.എം മാണിയുടെ വിശ്വസ്തനായി എന്നും അറിയപ്പെട്ടിരുന്ന സി.എഫ് തോമസ് പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാനുമാണ്. സി.എഫിനെ ചെയര്‍മാനാക്കുന്നതിനോട് ജോസ് കെ.മാണി വിഭാഗത്തിന് എതിര്‍പ്പ് പ്രകടിപ്പിക്കാനാവില്ലെന്ന പ്രതീക്ഷയാണ് ജോസഫിന്. കെ.എം മാണിയുടെ വിയോഗത്തിനു ശേഷം പാര്‍ട്ടിയില്‍ ജോസഫിനോടാണ് സി.എഫ് കൂടുതല്‍ ചായ്വ് പ്രകടിപ്പിക്കുന്നതും.
അതേസമയം, സി.എഫിനെ ചെയര്‍മാനാക്കി അനുരഞ്ജന നീക്കത്തിനുള്ള ജോസഫിന്റെ ശ്രമത്തോട് യോജിക്കില്ലെന്ന സൂചനയാണ് ജോസ് കെ.മാണി ഇന്നു മാധ്യമങ്ങളോട് നടത്തിയ പ്രതികരണം. സംസ്ഥാന സമിതി വിളിച്ചുചേര്‍ക്കണമെന്ന ആവശ്യത്തില്‍ ജോസ് ഉറച്ചുനില്‍ക്കുകയാണ്. സംസ്ഥാന സമിതിയില്‍ ജോസ് കെ.മാണി വിഭാഗത്തിനാണ് ഭൂരിപക്ഷം എന്നതുതന്നെയാണ് ഈ ആവശ്യത്തിനു പിന്നില്‍. 'നേതാക്കന്മാര്ക്ക് അവരുടെതായ വ്യക്തിപരമായ നിലപാടുകള്‍ ഉണ്ടാകാം. അവര്‍ക്കൊക്കെ ചില ഫോര്‍മുലകള്‍ ഉണ്ടാകാം. ആരൊക്കെ ഏതൊക്കെ പദവികള്‍ വഹിക്കണമെന്ന് പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാം. പൊതുവേദിയില്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. സംസ്ഥാന സമിതിയില്‍ ചര്‍ച്ച നടത്താം.'-ജോസ് കെ.മാണി പറഞ്ഞു.
തന്നെ വിളിച്ച എല്ലാ ചര്‍ച്ചകളിലും പോയിട്ടുണ്ട്. വിളിക്കാത്ത യോഗങ്ങള്‍ക്ക് പോയിട്ടില്ലെന്നും സമവായ ചര്‍ച്ചകള്‍ക്ക് വിളിച്ച യോഗത്തില്‍ ജോസ് കെ.മാണി പങ്കെടുത്തിരുന്നില്ലെന്ന ജോസഫ് വിഭാഗത്തിന്റെ പരാമര്‍ശത്ത കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജോസ്.






