ചെന്നൈ: ഔദ്യോഗിക ആശയവിനിമയത്തിന് ഹിന്ദിയോ ഇംഗ്ലീഷോ ഉപയോഗിക്കണമെന്നും പ്രാദേശിക ഭാഷ ഉപയോഗിക്കരുതെന്നും ദക്ഷിണ റെയില്‍വേയുടെ നിര്‍ദ്ദേശം. നിര്‍ദ്ദേശം വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചു.ഉത്തരവ് വിവാദമായതോടെ കൃത്യമായി ആശയവിനിമയം നടത്തണമെന്ന പുതിയ ഉത്തരവ് പുറത്തിറക്കി ദക്ഷിണ റെയില്‍വേ തടിയൂരി.
കഴിഞ്ഞ ദിവസമാണ് വിവാദ ഉത്തരവ് പുറത്തിറങ്ങിയത്. ഔദ്യോഗിക ആശയവിനിമയങ്ങള്‍ക്ക് ഹിന്ദിയോ ഇംഗ്ലീഷോ ഉപയോഗിക്കണമെന്നും പ്രാദേശിക ഭാഷ ഉപയോഗിക്കുന്നത് ആശയക്കൂഴപ്പത്തിന് ഇടയാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. ഡിവിഷണല്‍ കണ്ട്രോള് ഓഫീസും സ്റ്റേഷന് മാസ്റ്റര്‍മാരുമായുള്ള ആശയവിനിമയത്തിന് ഹിന്ദിയോ ഇംഗ്ലീഷോ ഉപയോഗിക്കണമെന്നാണ് റെയില്‍വേ ചീഫ് ട്രാന്സ്പോര്ട്ടേഷന് പ്ലാനിംഗ് മാനേജര്‍ ആര് ശിവ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്.
എതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജീവനക്കാര്‍ തമ്മിലുള്ള ആശയവിനിമയത്തിലെ പിഴവിനെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് അന്ന് അപകടം ഒഴിവായത്. ഇതേതുടര്‍ന്നാണ് റെയില്‍വേ പുതിയ ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ പ്രാദേശിക ഭാഷ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശത്തിനെതിരെ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു.
ഹിന്ദി നിര്‍ബന്ധിതമാക്കാന്‍ നീക്കം നടത്തിയത് പോലെ പ്രാദേശിക ഭാഷകള്‍ക്കെതിരായ നീക്കമാണിതെന്ന് ആരോപിച്ച് തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളായ ഡി.എം.കെ പി.എം.കെ തുടങ്ങിയ കക്ഷികള്‍ രംഗത്ത് വന്നിരുന്നു.






