
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ 511 പേരെ കൂടി ഉള്‍പ്പെടുത്തി എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതരുടെ പട്ടിക വിപുലപ്പെടുത്താന്‍ തീരുമാനിച്ചു. ദുരന്ത ബാധിതര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയത്. സംസ്ഥാന റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം.
ദുരന്തത്തിലെ ശരിയായ ഇരകളെ കണ്ടെത്തുന്നതിനായി നേരത്തെ നടത്തിയ ക്യാമ്പുകളില്‍ പങ്കെടുത്തവരും എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവരുമായ 18 വയസിന് താഴെ ഉള്ളവരെയാണ് പുതുതായി ചേര്‍ത്തത്. പുതിയ ലിസ്റ്റോടെ എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഉള്‍പ്പെട്ടവുടെ ആകെ എണ്ണം 6727 ആയി. കൂടാതെ ഇരകളുടെ പുനഃരധിവാസവും ജില്ലയിലെ മെഡിക്കല്‍ കോളേജ് നിര്‍മ്മാണവും വേഗത്തിലാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമെടുത്തു.
ഇനിയും പട്ടികയില്‍ ഉള്‍പ്പെടാത്ത ദുരന്തബാധിതര്‍ക്കായി വീണ്ടും ജില്ലയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തും. ജൂണ്‍ 25 മുതല്‍ ജൂലൈ 9 വരെ കാസര്‍കോട് ജില്ലയിലെ പതിമൂന്ന് സ്ഥലങ്ങളിലായാണ് ക്യാമ്പ് നടത്തുക.






