ആലപ്പുഴ: മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീവച്ച് കൊന്ന കേസിലെ പ്രതി ആലുവ ട്രാഫിക് സ്റ്റേഷനിലെ പോലീസുകാരനായ അജാസിനെ സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് റൂറല്‍ എസ്.പി കെ. കാര്‍ത്തിക് ഉത്തരവിറക്കുകയും ചെയ്തു. അജാസിനെതിരെ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതായി ഔദ്യോഗികമായി അറിയിച്ച് വന്നതോടെയാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തത്.
ശരീരത്തില്‍ നാല്‍പ്പത് ശതമാനത്തിലധികം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാളുടെ വൃക്കകളുടെയും മറ്റ് ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കുകയാണ്. രക്തസമ്മര്‍ദ്ദ നിലയും താഴ്ന്നുകൊണ്ടിരിക്കുകയാണ്. അജാസിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
ഇയാള്‍ ആരോഗ്യനില വീണ്ടെടുക്കാതെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാന്‍ പോലീസിന് കഴിയില്ല. പ്രണയനൈര്യാശമാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് അജാസ് മജിസ്ട്രേറ്റിന് നല്കിയ മൊഴി മാത്രമാണ് ഇപ്പോള്‍ പോലീസിന് മുന്നിലുള്ളത്.






