
സിനിമയില്‍ നായികയാകണമെങ്കില്‍ നല്ല മേനിയഴകും നല്ല നിറവും വേണം. അവസരം തേടി പല സംവിധായകരുടെയും മുന്നിലെത്തിയ നടി കീര്‍ത്തി പാണ്ഡ്യയോട് അവര്‍ പറഞ്ഞതാണിത്. നിറകണ്ണുകളോടെയാണ കീര്‍ത്തി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. കാണികള്‍ക്ക് മുന്നില്‍ നിന്നും വിതുമ്പിയ കീര്‍ത്തിയെ സഹതാരം ദീന ആശ്വസിപ്പിച്ചു.
ഹരീഷ് റാം സംവിധാനം ചെയ്യുന്ന തുമ്പ എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്കിടെ തന്റെ ആദ്യ സിനിമാനുഭവം പങ്കുവയ്ക്കുമ്പോഴായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്.
'എന്റെ ശരീരപ്രകൃതത്തെപ്പറ്റി മോശം കമന്റുകള്‍ പറയാത്ത ആദ്യ സംവിധായകനാണ് ഹരീഷ്' എന്നു പറഞ്ഞു കൊണ്ടായിരുന്നു കീര്‍ത്തി പ്രസംഗം ആരംഭിച്ചത്. 'ഞാനെങ്ങനെയാണോ അതില്‍ അദ്ദേഹത്തിന് ആത്മവിശ്വാസം ഉണ്ടായിരുന്നു. ക്യാമറ ടെസ്റ്റിനു വിളിച്ചപ്പോഴും എന്റെ നിറമോ ആകാരമോ അദ്ദേഹത്തിന് പ്രശ്നമായി തോന്നിയല്ല. ഇതു പറയാന്‍ കാരണം, ഏകദേശം മൂന്നര വര്‍ഷമായി പല സംവിധായകരും എന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന തരത്തില്‍ കമന്റുകള്‍ പറയുമായിരുന്നു. എന്നെപ്പോലെ ഇരിക്കുന്ന ഒരാളെ ആരെങ്കിലും സിനിമയില്‍ കാണാന്‍ ഇഷ്ടപ്പെടുമോ, നിറം കുറവല്ലേ... എന്നുള്ള ചോദ്യങ്ങളായിരുന്നു അവസരങ്ങള്‍ തേടിപ്പോയപ്പോള്‍ എനിക്ക് ലഭിച്ചത്. ഇങ്ങനെ ആവര്‍ത്തിച്ച് കേള്‍ക്കേണ്ടി വന്നപ്പോള്‍ എനിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. എന്നാല്‍ ഹരീഷ് അങ്ങനെയായിരുന്നില്ല. എന്നോടു തടി വയ്ക്കണമെന്നോ, ഏതെങ്കിലും രീതിയില്‍ കാഴ്ചയില്‍ മാറ്റം വരുത്തണമെന്നോ ആവശ്യപ്പെട്ടിരുന്നില്ല,' കീര്‍ത്തി പറഞ്ഞു.
'ഒരു അഭിനേത്രി എന്ന നിലയില്‍ എന്റെ കഴിവില്‍ അദ്ദേഹത്തിന് ആത്മവിശ്വാസം ഉണ്ടായിരുന്നു. അദ്ദേഹം രൂപപ്പെടുത്തിയ കഥാപാത്രത്തിന് ജീവന് നല്കാന് എനിക്കു കഴിയും എന്ന് അദ്ദേഹം വിശ്വസിച്ചു. എനിക്കു വേണ്ടി അദ്ദേഹം ചെയ്തത് വലിയൊരു കാര്യമാണ്. അതെനിക്ക് മറക്കാന്‍ കഴിയില്ല,' കീര്‍ത്തി കൂട്ടിച്ചേര്‍ത്തു. ശ്രദ്ധ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ വില്ലനായി അഭിനയിച്ച അരുണ്‍ പാണ്ഡ്യന്റെ മകളാണ് കീര്‍ത്തി.






