
കൊച്ചി: യൂട്യൂബറും സിനിമാ റിവ്യൂവറുമായ അശ്വന്ത് കോക്കിനെതിരെ പരാതി നല്‍കി ' സീക്രട്ട് ഓഫ് കലിംഗ' സിനിമയുടെ നിര്‍മാതാവ് കെ.എ.ബഷീര്‍. തൃശൂര്‍ വരന്തരപ്പിളളി പോലീസിലാണ് നിര്‍മാതാവ് പരാതി നല്‍കിയിരിക്കുന്നത്.
സിനിമ റിലീസായ ദിവസം രാത്രി അശ്വന്ത് കോക്ക് പുറത്തിറക്കിയ വീഡിയോയില്‍ അഭിനേതാക്കളെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നും, സിനിമയുടെ കഥ പൂര്‍ണമായും വെളിപ്പെടുത്തിക്കൊണ്ടുളള റിവ്യൂ മൂലം തിയേറ്ററുകളില്‍ നിന്ന് ലഭിക്കേണ്ട വരുമാനം നഷ്ടപ്പെട്ടുവെന്നും സംവിധായകന്‍ സനീഷ് ഉണ്ണികൃഷ്ണനും നിര്‍മാതാവ് കെ.എ.ബഷീറും ആരോപിച്ചു.
ധ്യാന്‍ ശ്രീനിവാസന്‍, അല്‍താഫ് സലിം, റിയാസ് ഖാന്‍, നിതിന്‍ പരമേശ്വര്‍, മാളവിക മേനോന്‍, ഉല്ലാസ് പന്തളം, മറീന മൈക്കിള്‍ , അന്‍വര്‍ ഷെരീഫ്, ഗൗരി നന്ദ, ആദിര്‍ഷ, ലക്ഷ്മി നന്ദന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
പുരാതന കലിംഗ രാജ്യത്തിന്റെ അവശിഷ്ടങ്ങൾ സ്ഥിതി ചെയ്യുന്ന ഒരു കോളേജ് ക്യാമ്പസിനെയും, അവിടുത്തെ കാട്ടിലുള്ള ഒരു പഴയ കിണറിനെയും ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപുള്ള ഒരു ആത്മാവ് പുറത്തുവരുന്നതും തുടർന്നുണ്ടാകുന്ന രസകരവും അമ്പരപ്പിക്കുന്നതുമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ജിഷ്ണു എം. ആര്യനും സംവിധായകൻ സനീഷ് ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.






