
കരിയറിന്റെ തുടക്കകാലത്ത് യോദ്ധ, ഗോഡ്ഫാദര്‍, മഹാനഗരം, ആയുഷ്കാലം പോലുള്ള മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറി പിന്നീട് മിനിസ്ക്രീനില്‍ തന്റേതായ ഐഡന്റിറ്റി നേടിയെടുത്ത താരമാണ് ബീന ആന്റണി. നായിക, സഹനായിക, പ്രതിനായിക, അമ്മ വേഷങ്ങളിലടക്കം കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി മിനിസ്ക്രീനില്‍ തിളങ്ങി നില്‍ക്കുകയാണ്. മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ള ബീനയെ തേടി സംസ്ഥാന അവാര്‍ഡുകൾ ഉൾപ്പെടെയുള്ള പുരസ്കാരങ്ങളും വന്നിട്ടുണ്ട്. ബീനയുടെ കൈയില്‍ ഏതു കഥാപാത്രവും ഭദ്രമാണെന്ന ഉറപ്പ് കുടുംബപ്രേക്ഷകര്‍ക്കുണ്ട്.
ഇപ്പോഴിതാ താന്‍ ‘അമ്മ’ അസോസിയേഷന്‍ തുടങ്ങിയ കാലം മുതല്‍ ഉണ്ടെന്നും എന്നിട്ടിപ്പോഴും താത്കാലിക മെമ്പറാണ് ആക്കിയിരിക്കുന്നതെന്നും പറയുകയാണ് ബീന ആന്റണി. വളരെ സങ്കടമുണ്ടാക്കുന്ന ഒരു കാര്യമാണിതെന്നും ‘അമ്മ’യുടെ കൈനീട്ടം വാങ്ങാത്ത അംഗങ്ങള്‍ വളരെ ചുരുക്കമാണെന്നും ബീന ആന്റണി പറഞ്ഞു.
‘‘അഡ്ഹോക്ക് കമ്മിറ്റി ഉണ്ടാക്കി. അതിൽ ഒരാളെ നമുക്ക് സജസ്റ്റ് ചെയ്യാൻ നോക്കിയിട്ട് ആളില്ല. അതിന്റെ കാരണം കൈനീട്ടം വാങ്ങുന്നവർക്കൊന്നും ഈ അഡ്ഹോക്ക് കമ്മിറ്റിയിലോ അല്ലെങ്കിൽ നമുക്ക് ഇലക്ഷനോ നിൽക്കാൻ പാടില്ല. അങ്ങനെ ഒരു നിയമം കൊണ്ടുവന്നിട്ടുണ്ടായിരുന്നു.
ഇടവേള ബാബു ലാസ്റ്റ് ആയിട്ട് നിന്നു പോയ വർഷമില്ലേ? ആ സമയത്താണ് ഇങ്ങനെ ഒരു നിയമം വന്നത്. കൈനീട്ടം വാങ്ങുന്നവരെ എല്ലാവരെയും താൽക്കാലിക മെമ്പേഴ്സ് ആക്കിക്കളഞ്ഞു. ഞങ്ങളൊക്കെ ലൈഫ് മെമ്പർ ആയിരുന്നു. ഞാൻ അമ്മ തുടങ്ങുന്ന വർഷം ഉണ്ടല്ലോ, ബിഗിനിംഗ് സ്റ്റേജ് ഉണ്ടല്ലോ അന്ന് മുതല്‍ ഞാന്‍ ഇതിലുണ്ട്. തിരുവനന്തപുരത്തായിരുന്നല്ലോ ഇതിന്റെ തുടക്കം, അന്ന് മൂന്നോ നാലോ ദിവസം അവിടെ ക്യാമ്പും, ഡാൻസ്, പാട്ട് ഒക്കെയായി ഞങ്ങള്‍ അടിച്ചു പൊളിച്ചതാണ്. അന്നുമുതല്‍ മെമ്പറാണ് ഞാൻ.
ഇന്നലെ 32-ാമത്തെ യോഗത്തിലും പങ്കെടുത്ത ആളാണ് ഞാൻ. മകന്റെ ഡെലിവറി സമയത്ത് ആ ഒരു വർഷം മാത്രമേ ഞാൻ പങ്കെടുക്കാത്തതുള്ളൂ. ബാക്കി എല്ലാ വർഷവും കറക്റ്റ് ആയിട്ട് ഈ ഇതിൽ പങ്കെടുത്ത ആളാണ് ഞാനൊക്കെ. രണ്ടു വർഷം മുന്നേ നടന്ന ഒരു യോഗത്തില്‍ പെട്ടെന്ന് ഇടവേള ബാബു പെട്ടെന്ന് വായിക്കുകയാണ്, ‘ഇവരെല്ലാവരെയും താൽക്കാലിക മെമ്പേഴ്സ് ആക്കുന്നു...’ എന്ന്. ഭയങ്കര വിഷമം തോന്നി. ആ ഒരു തീരുമാനത്തിൽ ഭയങ്കരമായ ഒരു സങ്കടം എല്ലാവര്‍ക്കുമുണ്ട്. അതിലൊരു തിരുത്തൽ വേണമെന്നൊക്കെ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്.
ഈ സീനിയർ മെമ്പേഴ്സ് എല്ലാവരും ഈ കൈനീട്ടം വാങ്ങിക്കുന്നുണ്ട്. അവരില്‍ ഒരൊറ്റയാൾക്ക് പോലും ഈ നേതൃസ്ഥാനത്തേക്ക് വരാൻ പറ്റില്ല. അവരെ ആരെയും പരിഗണിക്കാൻ പറ്റില്ല. അതു വാങ്ങിക്കാത്ത കുറച്ച് സീനിയർ മെമ്പേഴ്സ് ഒക്കെ ഉണ്ടാകും, വളരെ സീനിയറായ ചില മെമ്പേഴ്സ്. അതൊന്നും ആവശ്യമില്ലാത്തവരാണത്. അല്ലാത്ത എല്ലാവർക്കും കൊടുക്കുന്നുണ്ട്. ലളിത ചേച്ചി, പൊന്നമ്മ ചേച്ചി, സീമാമ്മ അങ്ങനെ മിക്കവരും കൈനീട്ടം വാങ്ങിക്കുന്നുണ്ട്.
ഈ ഒരു നിയമം അന്ന് പെട്ടെന്ന് ഇതിലേക്ക് കൊണ്ടു വന്നതാണ്. അതിൽ ഞങ്ങൾക്കെല്ലാവർക്കും ഒരു തിരുത്തൽ വേണമെന്നുണ്ട്. അങ്ങനെയൊന്ന് നിയമത്തിലുള്ളതാണോ എന്നും, അങ്ങനെ ചെയ്യാൻ പാടില്ലേ എന്നുള്ളതും, ശരിക്കും ഇങ്ങനെയൊരു നിയമം വേണോ എന്നുള്ളതും അതു മാറ്റണമെന്നുള്ളതും ആഗ്രഹമാണ്. കാരണം ഈ കൈനീട്ടം വാങ്ങിക്കുന്നതു കൊണ്ട് ഒരാളെയും നമുക്ക് നേതൃസ്ഥാനത്തേക്ക് സജസ്റ്റ് ചെയ്യാന്‍ പറ്റില്ല...’’ ബീന ആന്റണി പറഞ്ഞു. ബീന ആന്റണിയുടെ ഈ അഭിപ്രായത്തിന് പലരും അനുകൂലിച്ച് കമന്റുകള്‍ കുറിക്കുന്നുണ്ട്. അങ്ങനെയൊരു നിയമം ഉണ്ടോയെന്നുള്ളതും അത് മാറ്റണമെന്നുള്ളതുമാണ് പലരും നല്‍കുന്ന കമന്റുകള്‍.
നീണ്ട ഇടവേളക്ക് ശേഷം ‘ബാലന്‍’ സിനിമയിലൂടെ വീണ്ടും ബിഗ്സ്ക്രീനിലേക്ക് ശക്തമായ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ബീന ആന്റണി. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്, ഒപ്പം ബീനയുടെ ഷംനത്ത എന്ന കഥാപാത്രവും കൈയടി നേടുന്നുണ്ട്. ശക്തയായ ഈ കഥാപാത്രം പ്രേക്ഷകരുടെ മാത്രമല്ല സിനിമാപ്രവര്‍ത്തകരുടെയും പ്രശംസ നേടുന്നുണ്ട്. ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റിനു ശേഷം ചിദംബരം ഒരുക്കിയ സിനിമയാണ് ‘ബാലന്‍’.






