
ന്യൂഡല്‍ഹി: മദ്ധ്യേഷ്യയിലെ കേന്ദ്രങ്ങളില്‍ ശക്തമായ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖല ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ലക്ഷ്യം വെച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. കൊച്ചി നഗരത്തില്‍ ഉള്‍പ്പെടെയുള്ള ജനസാന്ദ്രത ഏറിയ മേഖലകള്‍ ഐഎസ് ആക്രമണം നടത്താന്‍ തെരഞ്ഞെടുത്തേക്കുമെന്ന് സൂചിപ്പിക്കുന്ന കത്ത് രഹസ്യാന്വേഷണ വിഭാഗം പോലീസിന് കൈമാറിയതായിട്ടാണ് വിവരം.
മൂന്ന് കത്തുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഇതില്‍ ഒന്നില്‍ കൊച്ചിയിലെ ഭീകരാക്രമണ സാധ്യത പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് വിവരം. ഐഎസുമായി ബന്ധപ്പെട്ട സൈബര്‍ പ്രവര്‍ത്തനങ്ങള്‍ തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും സജീവമാണ്. ഇതില്‍ ശക്തമായ ഇടങ്ങളില്‍ ഒന്ന് കേരളമാണ്. ശ്രീലങ്കയ്ക്കൊപ്പം കേരളത്തിലും ഐഎസിന്റെ ടെലഗ്രാം മെസഞ്ചര്‍ വഴിയുള്ള ആശയ വിനിമയങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. നേരത്തേ കേരളത്തില്‍ നിന്നും നൂറോളം പേരാണ് ഐഎസ് ആശയത്തില്‍ ആകൃഷ്ടരായി രാജ്യം വിട്ടത്.
നിരന്തരമായ കൗണ്‍സിലിംഗിലൂടെ 3000 പേരെ ഭീകരവാദ ആശയങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാനും കഴിഞ്ഞു. ഇവരില്‍ ഭൂരിപക്ഷവും വടക്കന്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഇവരെല്ലാം ഇപ്പോഴും നിരീക്ഷണത്തിലുമാണ്. സിറിയയിലും ഇറാഖിലും പിടി അയഞ്ഞുപോയ സംഘടനയുടെ പുതിയ തന്ത്രം ഐഎസില്‍ ചേര്‍ന്നിരിക്കുന്ന തീവ്രവാദികളെ അവരവരുടെ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണം നടത്തുക എന്നതാണ്. ഇത്തരത്തില്‍ ഐഎസ് ആക്രമണം ലക്ഷ്യം വെച്ചേക്കാവുന്ന ഒരു കേന്ദ്രങ്ങളില്‍ കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളുകളും വരുമെന്നാണ് സൂചന.
ഐഎസ് പുതിയതായി ലക്ഷ്യം വെച്ചിരിക്കുന്ന ഇടങ്ങള്‍ ശ്രീലങ്കയും ഇന്ത്യയുമാണ്. ഈസ്റ്റര്‍ ദിനത്തില്‍ 250 പേരുടെ മരണത്തിനിടയാക്കിയ ശ്രീലങ്കയിലെ തീവ്രവാദി ആക്രമണത്തിന് പിന്നാലെ കേരളതീരത്തും രഹസ്യാന്വേഷണ വിഭാഗം ശക്തമായ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. കേരളത്തിന് പുറമേ ജമ്മു കശ്മീര്‍, തെലുങ്കാന, ആന്ധ്ര എന്നിവിടങ്ങളാണ് ഐഎസ് ലക്ഷ്യം വെച്ചിരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍.
സൈബര്‍ ഇടങ്ങള്‍ വഴി ഈ സംസ്ഥാനങ്ങളില്‍ ഐഎസ് ആശയങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണെന്നും വിവരം രഹസ്യമായിരിക്കാന്‍ ചില ആപ്പുകളും ഭീകരര്‍ ഉപയോഗിക്കുന്നെന്നും ഇന്റലിജന്റ് കൈമാറിയ കത്തില്‍ കേരളാ പോലീസിനെ ധരിപ്പിച്ചിട്ടുണ്ട്.






