
മാവേലിക്കര : മാവേലിക്കര വളളികുന്നത്ത് സഹപ്രവര്ത്തകന് കൊലപ്പെടുത്തിയ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയ്ക്ക് നാടിന്റെ യാത്രാമൊഴി. പതിനൊന്നരയോടെ ഭൗതിക ശരീരം വീട്ടുവളപ്പില്‍ സംസ്കരിച്ചു. അതേസമയം, സൗമ്യയെ കൊലപ്പെടുത്തുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ് മരിച്ച അജാസിന്റെ മൃതദേഹം ഉച്ചകഴിഞ്ഞ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
വള്ളികുന്നം പൊലീസ് സ്റ്റേഷനിലേയ്ക്ക് സൗമ്യയുടെ മൃതദേഹം രാവിലെ ഒമ്പത് മണിയോടെ എത്തിക്കുമ്പോള്‍ സഹപ്രവര്‍ത്തകരും നാട്ടുകാരുമായ നിരവധി ആളുകളാണ് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ കാത്തു നിന്നത്. സഹപ്രവര്‍ത്തകരും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും സൗമ്യയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ശേഷം സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ അകമ്പടിയോടെ തെക്കേമുറിയിലെ വീട്ടിലേക്ക് വിലാപയാത്ര. ലിബിയയിലായിരുന്ന ഭര്‍ത്താവ് സജീവന് നാട്ടിലെത്തുന്നത് പരിഗണിച്ചായിരുന്നു സംസ്ക്കാരം നീട്ടിവച്ചത്. വീട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം പതിനൊന്നരയോടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.
കഴിഞ്ഞ ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30നായിരുന്നു നാടിന്റെ ഞെട്ടിച്ച കൊലപാതം നടന്നത്. കൊലപാതകത്തിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ പ്രതി അജാസ് ഇന്നലെ വണ്ടാനം മെഡിക്കല്‍ കോളജില്‍ മരിച്ചിരുന്നു. അജാസിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.






