ന്യുഡല്‍ഹി: ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വൈ.എസ്.ആര് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കില്ല. ആന്ധ്രയ്ക്ക് പ്രത്യേക പദവിയെന്ന ആവശ്യം അംഗീകരിക്കുന്നത് വരെ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയുമായി യാതൊരു രാഷ്ട്രീയ സഖ്യങ്ങളും വേണ്ടന്ന നിലപാടിലാണ് വൈ.എസ്.ആര് കോണ്‍ഗ്രസ്. 17-ാംല ലോക്സഭയില്‍ 22 അംഗങ്ങളുമായി ഏറ്റവും വലിയ നാലാമത്തെ പാര്‍ട്ടിയാണ് വൈ.എസ്.ആര് കോണ്‍ഗ്രസ്.
പാര്‍ട്ടിക്ക് ലോക്സഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നു. എന്‍.ഡി.എയിലെ പ്രധാന കക്ഷിയായ ശിവസേന അവകാശവാദം ഉന്നയിച്ചിരിക്കുന്ന സ്ഥാനമാണ് എന്‍.ഡി.എ ഇതര കക്ഷിക്ക് ബി.ജെ.പി വാഗ്ദാനം ചെയ്തത്. എന്നാല്‍ പ്രത്യേക പദവിയുടെ കാര്യത്തില്‍ തീരുമാനമാകാതെ ബി.ജെ.പിയുമായി പ്രത്യക്ഷത്തിലുള്ള സഹകരണം വേണ്ടന്നാണ് വൈ.എസ്.ആര് കോണ്‍ഗ്രസിന്റെ തീരുമാനം.
ആന്ധ്രയുടെ ദുരവസ്ഥയ്ക്ക് കോണ്‍ഗ്രസും കാരണക്കാരാണെന്ന് വൈ.എസ്.ആര് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ആരോപിച്ചു. ആന്ധ്രയെ വിഭജിച്ചത് കോണ്‍ഗ്രസാണ് എന്നാല്‍ പ്രത്യേക പദവി നല്‍കിയില്ല. അതുകൊണ്ടുതന്നെ കോണ്‍ഗ്രസുമായും പാര്‍ട്ടി അകലം പാലിക്കുമെന്നും പാര്‍ട്ടി പ്രതിനിധി വ്യക്തമാക്കി. എന്നാല്‍ രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി ചില പ്രത്യേക വിഷയങ്ങളില്‍ ഭരിക്കുന്ന പാര്‍ട്ടിക്ക് പിന്തുണ നല്‍കിയേക്കുമെന്നും വൈ.എസ്.ആര് കോണ്‍ഗ്രസ് വ്യക്തമാക്കി.
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ സ്ഥാനം സംബന്ധിച്ച് സൂചനകളുണ്ട്. സ്ഥാനം ഏറ്റെടുക്കുന്നത് ഭരണകക്ഷിയുമായുള്ള സഖ്യമായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാല്‍ പാര്‍ട്ടിക്ക് സ്ഥാനം ആവശ്യമില്ല. സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിക്കുന്നത് വരെ ഇത്തരം സ്ഥാനങ്ങളൊന്നും ഏറ്റെടുക്കില്ലെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു. പാര്‍ട്ടി നിലപാട് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും വൈ.എസ്.ആര് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.






