
ലണ്ടന്‍ : ഇസ്ലാമിക വിശ്വാസങ്ങള്‍ നില നില്‍ക്കുകയും ശരിയത്ത് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയും ചെയ്യുന്ന അറബ് രാജ്യങ്ങളില്‍ യുവാക്കള്‍ക്ക് മതവിശ്വാസത്തിലുള്ള താല്‍പ്പര്യം കുറയുന്നു. 30 വയസിനു താഴെ 18% പേര്‍ക്കും ആത്മീയതയില്‍ താല്‍പ്പര്യമില്ലെന്ന് കണ്ടെത്തിയത് ബിബിസിയാണ്. ഇവര്‍ നടത്തിയ സര്‍വേയില്‍ അറബ് ലീഗ് രാഷ്ട്രങ്ങളില്‍ 420 ദശലക്ഷം ആളുകളാണ് ഇങ്ങിനെ പ്രതികരിച്ചത്.
മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലുമുള്ള അറബ് ജനതയില്‍ മതവിശ്വാസികളല്ലാത്തവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി ബി.ബി.സി കണ്ടെത്തുന്നു. അറബ് ലോകത്തിലെ പൊതുവികാരം സംബന്ധിച്ച് ഗവേഷണം നടത്തുന്ന അറബ് ബാരോമീറ്റര്‍ എന്ന ഗവേഷക സംഘടന 25000 ത്തിലേറെ പേരെയാണ് സര്‍വ്വേയുടെ ഭാഗമായി അഭിമുഖം നടത്തിയത്.
2018നും 2019നും ഇടയില്‍ പത്ത് അറബ് രാഷ്ട്രങ്ങളിലും പലസ്തീന് അതിര്‍ത്തിയിലുമായിരുന്നു സര്‍വേ.സ്ത്രീ സ്വാതന്ത്ര്യവും വിഷയമാക്കി. സര്‍വ്വേയില്‍ പങ്കെടുത്ത പകുതിയിലേറെ സ്ത്രീകളും പറഞ്ഞത് വീട്ടുകാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നത് പുരുഷന്മാരാണെന്നാണ്. അതേസമയം പുരുഷന് വീട്ടുകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് അന്തിമമല്ലെന്ന അഭിപ്രായം മൊറാക്കോയിലെ സ്ത്രീകള്‍ പങ്കുവെച്ചു.
സമൂഹത്തില്‍ സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള അറബ് വ്യവസ്ഥിതിയോടും യുവാക്കള്‍ക്ക് കാര്യമായ മതിപ്പില്ല. രാഷ്ട്രത്തലവരുടെ സ്ഥാനത്തേക്ക് ഉയര്‍ന്നുവരാനുള്ള സ്ത്രീകളുടെ അവകാശത്തെയും അധികമാരും എതിര്‍ക്കുന്നില്ലെന്നും കണ്ടെത്തി.






