ന്യൂഡൽഹി : കൊലപാതക കുറ്റത്തിനും, ബലാത്സംഗ കേസിലും ശിക്ഷ അനുഭവിക്കുന്ന ആൾ ദൈവം ഗുര്‍മീത് രാം റഹിം സിങ്ങിന് പരോള്‍ അനുവദിക്കാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍. ശിക്ഷ അനുഭവിക്കുന്ന എല്ലാ കുറ്റവാളികൾക്കും അവകാശങ്ങൾ ഉണ്ടെന്നാണ് മന്ത്രി കെ എല്‍ പന്‍വര്‍ അഭിപ്രായപ്പെട്ടത്.
നിയമത്തിന് മുന്നിൽ എല്ലാ കുറ്റവാളികളും ഒരുപോലെയാണ്. അവർക്കുള്ള അവകാശങ്ങളും ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് പരോളിന് അപേക്ഷിക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ട്. പരോളിനുള്ള അപേക്ഷ അദ്ദേഹം തന്നിരുന്നു. ഇത് കമ്മീഷണർക്ക് ഫോർവേഡ് ചെയ്തു കഴിഞ്ഞു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലെ തുടർ നടപടി സാധ്യമാകൂ എന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് തനിക്ക് കൃഷി നടത്താൻ വേണ്ടി പരോൾ അനുവദിക്കണമെന്ന് ഗുർമീത് ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ഈ ആവശ്യത്തെ ജയില്‍ സൂപ്രണ്ട് ശരിവെച്ചിരുന്നു. ജയിലിന്റെ നിയമങ്ങൾ ഇതുവരെ തെറ്റിക്കാത്ത ആളാണ് ഗുർമീത്. കൂടാതെ ഇയാൾ കൊടും കുറ്റവാളിയല്ലെന്നുമായിരുന്നു സൂപ്രണ്ടിന്റെ പറഞ്ഞത്.
20 വർഷം തടവ് ശിക്ഷയാണ് ഗുർമീതിന് കോടതി വിധിച്ചത്. ഇതിൽ ഒരു വര്‍ഷം മാത്രമാണ് പൂർത്തിയായത്. റോഹ്ത്തക്കിലെ സനരിയ ജയിലിലാണ് ഗുര്‍മീത് ശിക്ഷ അനുഭവിക്കുന്നത്.






