
അമരാവതി: ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എട്ടുകോടി രൂപ മുടക്കി നിര്‍മ്മിച്ച കെട്ടിടം പൊളിക്കാനുള്ള നടപടികള്‍ തുടങ്ങി. കെട്ടിടം നിയമവിരുദ്ധമാണെന്ന് കണ്ട് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി പൊളിക്കാന്‍ ഉത്തരവിട്ട് മണിക്കൂറുകള്‍ക്കകമാണ് നടപടികള്‍ ആരംഭിച്ചത്.
സാധാരണക്കാര്‍ ഇത്തരത്തില്‍ നിയമം ലംഘിച്ച് കെട്ടിടം നിര്‍മ്മിച്ചാല്‍ സ്വീകരിക്കുന്ന നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും. പ്രജാവേദിക എന്ന കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നതില്‍ അഴിമതിയുണ്ടെന്നും മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി പറഞ്ഞു.
2017ല്‍ ചന്ദ്രബാബു നായിഡുവിന്റെ വസതിയോട് ചേര്‍ന്നാണ് പ്രജാവേദിക എന്ന കെട്ടിടം നിര്‍മ്മിച്ചത്. അഞ്ച് കോടി പദ്ധതിയിട്ട് നിര്‍മ്മാണം ആരംഭിച്ച കെട്ടിടം നിര്‍മ്മാണം കഴിഞ്ഞപ്പോഴേക്കും എട്ടു കോടിയോളം എത്തിയിരുന്നു. ഇതിനൊപ്പം മുന്‍ മുഖ്യമന്ത്രിയുടെ വീടിന്റെ നിര്‍മ്മാണവും നിയമം ലംഘിച്ചാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഇതിനൊപ്പം ചന്ദ്രബാബു നായിഡുവിന്റെ കുടുംബത്തിന് ഏര്‍പ്പെടുത്തിയിരുന്ന ഇസഡ് പ്ലസ് സുരക്ഷാ പിന്‍വലിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് വന്‍ ഭൂരിപക്ഷത്തോടെ ഏറ്റവും വലിയ നാലാമത്തെ ഒറ്റക്കക്ഷിയായി വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്.







Comments