
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തു നിന്നും ഒഴിയുകയാണെന്ന നിലപാടില്‍ നിന്നും രാഹുല്‍ ഗാന്ധി പിന്മാറാത്ത സാഹചര്യത്തില്‍ പുതിയ സാധ്യതകള്‍ തേടുകയാണ് നേതൃത്വം. അധ്യക്ഷ സ്ഥാനത്തേക്ക് സോണിയ ഗാന്ധിയെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ സജിവമാക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്സ്. എന്നാല്‍ സോണിയ ഇതിനോട് പ്രതികരണം അറിയിച്ചിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം അവലോകനം ചെയ്യാന്‍ ചേര്‍ന്ന രണ്ട് യോഗങ്ങളിലും സോണിയയുടെ സാന്നിധ്യമുണ്ടായിരുന്നു.
അതേസമയം രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന നിവപാടില്‍ ഉറച്ച് നിന്നതോടെ കോണ്‍ഗ്രസ്സ് നേതാക്കള്‍ കൂട്ടരാജിക്ക് ഒരുങ്ങിയിരിക്കുകയാണ്. എ.ഐ.സി.സി നിയമ വിഭാഗം തലവന്‍ വിവേക് തന്‍ഹ രാജി വച്ചു. രാഹുലിന് പുതിയ ടീമിനെ തിരഞ്ഞെടുക്കാന്‍ എല്ലാവരും രാജി വയ്ക്കണമെന്ന് തല്‍ഹ ആവശ്യപ്പെട്ടു.
രാഹുലിന് പകരക്കാരനെ കണ്ടെത്താനുള്ള നേതാക്കളുടെ ശ്രമങ്ങള്‍ ഇതുവരേയും എവിടേയും എത്തിയിട്ടില്ല. ഒരുമാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന രാഹുലിന്റെ നിര്‍ദേശ കാലാവധി അവസാനിച്ചെങ്കിലും നേതാക്കള്‍ ഇരുട്ടില്‍ തപ്പുന്ന അവസ്ഥയിലാണുള്ളത്. നെഹ്റു കുടുംബത്തിനു പുറത്തുള്ള ഒരു പ്രസിഡന്റ് എന്നത് തല്‍ക്കാലത്തേക്കെങ്കിലും ചിന്തിക്കാനാകാത്ത കാര്യമാണെന്ന് നേതാക്കള്‍ രഹസ്യമായും പരസ്യമായും സമ്മതിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചര്‍ച്ച സോണിയയിലേക്കു കേന്ദ്രീകരിക്കുന്നത്.
സോണിയയും അധ്യക്ഷ പദവി സ്വീകരിക്കാത്ത ഘട്ടം വന്നാല്‍ ദക്ഷിണേന്ത്യയില്‍ നിന്നാവട്ടെ പുതിയ അധ്യക്ഷന്‍ എന്നാണ് നേതാക്കളുടെ ആലോചന. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി വേണുഗോപാല്‍. ഉമ്മന്‍ ചാണ്ടി, എന്നിവര്‍ക്കും സാധ്യതയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവര്‍ത്തക സമിതി അംഗം എ.കെ അന്റണിയേയും ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെയും അധ്യക്ഷപദം ഏറ്റെടുക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന നേതാക്കള്‍ സമീപിച്ചതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
പിസി ചാക്കോ, ഷീല ദീക്ഷത്ത്, കെ.സി വേണുഗോപാല്‍, അജയ് മകെന്‍, ജെ.പി അഘര്വാള്, മഹബല്‍ മിശ്ര തുടങ്ങിയ കോണ്‍ഗ്രസ്സ നേതാക്കള്‍ രാഹുല്‍ഗാന്ധിയുടെ വസതിയില്‍ സന്ദര്‍ശനത്തിനെത്തിയിരുന്നു.






