കണ്ണൂര്‍: ബി.ജെ.പിയില്‍ ചേര്‍ന്നത് തന്റെ മുജ്ജന്മ സുകൃതമെന്ന് എ.പി അബ്ദുള്ളക്കുട്ടി. പൊതുരംഗത്ത് തുടരണമെന്ന് ബി.ജെ.പി നേതാക്കള്‍ തന്നോട് ഉപദേശിക്കുകയായിരുന്നെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബി.ജെ.പിയില്‍ അംഗത്വം എടുത്ത ശേഷം ഇന്ന് രാവിലെയാണ് അബ്ദുള്ളക്കുട്ടി മംഗലാപുരത്ത് നിന്ന് കണ്ണുരില്‍ എത്തിയത്. കണ്ണുരിലെ ബി.ജെ.പി ജില്ലാ കമ്മറ്റി യോഗത്തിന് എത്തിയ അബ്ദുള്ളക്കുട്ടിക്ക് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരണം ഒരുക്കിയിരുന്നു.
ദേശീയ മുസ്ലീം പരാമര്‍ശത്തിന്റെ പേരില്‍ തന്നെ ട്രോളുന്നവര്‍ ചരിത്രബോധമില്ലാത്തവരാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബോധപൂര്‍വമാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു. മോഡി അനുകൂല പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ അബ്ദുള്ളക്കുട്ടി ജൂണ്‍ 26നാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ, കേന്ദ്രമന്ത്രി വി. മുരളീധരന് എന്നിവരുടെ സാന്നിധ്യത്തില്‍ ബി.ജെ.പി അംഗത്വം എടുത്ത അബ്ദുള്ളക്കുട്ടി താനൊരു ദേശീയ മുസ്ലീം ആണെന്ന് പ്രഖ്യാപിച്ചിരുന്നു.
നരേന്ദ്ര മോഡിയെ പുകഴ്ത്തിയതിന്റെ പേരിലാണ് 2009ല്‍ അബ്ദുള്ളക്കുട്ടി സി.പി.എമ്മില്‍ നിന്ന് പുറത്തായത്. ഇതിന് പിന്നാലെ അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ എടുക്കുകയും നിയമസഭാ സീറ്റ് നല്‍കുകയും ചെയ്തു. പത്ത് വര്‍ഷത്തിന് ശേഷം അതേ കാരണത്താല്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയിരിക്കുകയാണ് അബ്ദുള്ളക്കുട്ടി.





