
തിരുവനന്തപുരം: ആലപ്പുഴയില്‍ ഷാനമോള്‍ ഉസ്മാന്റെ പരാജയകാരണം സംഘടനാപരമായ വീഴ്ചയെന്ന കോണ്‍ഗ്രസ്സ് അന്വേഷക സമിതി റിപ്പോര്‍ട്ട് കെ.പി.സി.സി പ്രസിഡന്റിന് കൈമാറി. റിപ്പോര്‍ട്ട് ഗൗരവമായി കാണുന്നതായും റിപ്പോര്‍ട്ട് പഠിച്ച ശേഷം നാളെ തന്നെ നടപടിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. മുന്‍ കാല റിപ്പോര്‍ട്ടുകളുടെ ഗതിയുണ്ടാകില്ലെന്നും ശുപാര്‍ശകള്‍ പരമാവധി നടപ്പാക്കി റിപ്പോര്‍ട്ട് പരസ്യമാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം വീഴ്ച വരുത്തിയോ എന്നാണ് കെ.വി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്. മുന്‍ എംപി കെ.വി തോമസ്, പി.സി വിഷ്ണുനാഥ്, കെ.പി കുഞ്ഞിക്കണ്ണന്, എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് ആലപ്പുഴ തോല്‍വിയെ കുറിച്ച് അന്വേഷിച്ചത്. ആറു ദിവസം ജില്ലയില്‍ ക്യാമ്പ് ചെയ്ത് ആലപ്പുള മണ്ഡലത്തിലെ മുഴുവന്‍ നേതാക്കളില്‍ നിന്നും സമിതി തെളിവെടുത്തു.
അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പലപ്പോഴും താന്‍ ഒറ്റയ്ക്കായിരുന്നുവെന്ന് സ്ഥാനാര്‍ത്ഥി തന്നെ അന്വേഷണ സമിതിയോട് വ്യക്തമാക്കിയിരുന്നു. ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയില്‍ തുടങ്ങി ബൂത്ത് തലം വരെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.
ഭൂരിപക്ഷം കുറഞ്ഞുപോയ ചേര്‍ത്തല, കായംകുളം, നിയമസഭാ മണ്ഡലങ്ങളിലെ കമ്മിറ്റികള്‍ക്കെതിരെ കര്‍ശന നടപടിവേണം. ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംഘടനാസംവിധാനത്തില്‍ അഴിച്ചുപണി വേണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.






