
കൊല്‍ക്കത്ത : മതേതര സന്ദേശം ഉയര്‍ത്തിപ്പിടിക്കാന്‍ ജഗന്നാഥ രഥയാത്രയുടെ ഉദ്ഘാടനത്തിന് നുസ്രത് ജഹാന് എംപിയെ പ്രത്യേക അതിഥിയാക്കി തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് മമത ബാനര്‍ജി. എല്ലാ മതങ്ങളേയും താന്‍ ഒരുപോലെ ബഹുമാനിക്കുന്നെന്നാണ് രഥയാത്രയില്‍ പങ്കെടുത്ത ശേഷം എം.പി പ്രതികരിച്ചത്. നേരത്തെ കുങ്കുമവും മംഗല്യസൂത്രവും ധരിച്ച് പാര്‍ലമെന്റിലെത്തിയതിന് നുസ്രത് ജഹാന് വിമര്‍ശിക്കപ്പെട്ടിരുന്നു.
കൊല്‍ക്കത്തയിലെ ഇസ്കോണ്‍ ക്ഷേത്രത്തിലെ ജഗന്നാഥ രഥയാത്രയിലാണ് നുസ്രത്ത് ശ്രദ്ധാകേന്ദ്രമായത്. എല്ലാവര്‍ഷവും മുഖ്യമന്ത്രി മമത ബാനര്‍ജി ഉദ്ഘാടനം ചെയ്യാറുള്ള രഥയാത്രയാണിത്. ചടങ്ങിനോടനുബന്ധിച്ച് ആരതിയും പൂജയും നടത്തിയാണ് നുസ്രത് മടങ്ങിയത്. 'ഇതിന് രാഷ്ട്രീയ മാനങ്ങള്‍ നല്‍കേണ്ട കാര്യമില്ല. ഞാനൊരു ഇസ്ലാം മതവിശ്വാസിയാണ്. വിശ്വാസം ഉള്ളില്‍ നിന്നുണ്ടാവുന്നതാണ്.' നുസ്രത് ജഹാന് പറഞ്ഞു.
നുസ്രത് ജഹാന് വിവാഹശേഷം പാര്‍ലമെന്റില്‍ എത്തിയത് കുങ്കുമവും മംഗല്യസൂത്രവും അണിഞ്ഞാണ്. ഇത് ഇസ്ലാമിക ആചാരത്തിനെതിരാണെന്നാണ് വിമര്‍ശകരുടെ ആരോപണം. ഇതരമതസ്ഥനെ വിവാഹം ചെയ്തതിനും ഇസ്ലാമിക മതത്തിനു വിരുദ്ധമായി പെരുമാറിയതിനും നുസ്രത്തിനെതിരെ ബംഗാളിലെ ഇസ്ലാം പുരോഹിതര്‍ ഫത്വയും ഇറക്കി. താന്‍ എന്ത് ധരിക്കണമെന്ന് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത് എന്നായിരുന്നു നുസ്രത് അന്ന് പ്രതികരിച്ചത്.





