
അഹമ്മദാബാദ്: കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ വീഴ്ത്തി ഗുജറാത്തിലെ രണ്ടു രാജ്യസഭാ സീറ്റുകളും ബിജെപി പിടിച്ചെടുത്തു. അമിത്ഷായുടേയും സ്മൃതി ഇറാനിയുടെയും ഒഴിവുകളില്‍ വന്ന സീറ്റുകളില്‍ രണ്ടു ദിവസമായി നടന്ന തെരഞ്ഞെടുപ്പിലൂടെ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറെയും ജുഗല്‍ ഠാക്കൂറിനെയുമാണ് ബിജെപി രാജ്യസഭയില്‍ എത്തിച്ചത്.
രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയ്ക്ക് വോട്ടു ചെയ്തിരുന്നു. രണ്ടു ദിവസങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തിയതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. സംഭവത്തിനെതിരേ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. 182 അംഗ ഗുജറാത്ത് നിയമസഭയില്‍ ബിജെപിയ്ക്ക് 100 അംഗങ്ങളും കോണ്‍ഗ്രസിന് 77 പേരുമാണ് ഉള്ളത്. ഒരു സീറ്റില്‍ ജയിക്കാന്‍ ആദ്യം ചെയ്യുന്ന 59 വോട്ടുകളാണ് വേണ്ടത്. ഇങ്ങിനെ വരുമ്പോള്‍ രണ്ടു പേരെ ജയിപ്പിക്കാന്‍ ആവശ്യമായ വോട്ട് ബിജെപിയ്ക്ക് ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ടു തന്നെ കോണ്‍ഗ്രസിനും ഒരാളെ സഭയിലേക്ക് അയയ്ക്കാന്‍ അവസരം കിട്ടുമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് രണ്ടു ദിവസം ആക്കിയതോടെ ബിജെപിയ്ക്ക് അത് സാധ്യമായി.
ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കില്‍ രാജ്യസഭയില്‍ എത്തുന്ന ഒരാള്‍ കോണ്‍ഗ്രസ് പ്രതിനിധിയാകുമായിരുന്നു. മൊത്തം 105 വോട്ടുകളാണ് ബിജെപിയ്ക്ക് കിട്ടിയത്. ബിജെപിയുടെ മൊത്തം വോട്ടുകള്‍ക്ക് പുറമേ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ടു വോട്ടും എന്‍സിപിയുടെ ഒരു വോട്ടുമാണ് അധികമായി കിട്ടിയത്. അല്‍പ്പേഷ് ഠാക്കൂര്‍, ധവല്‍സിംഗ് ഝാല എന്നിവരാണ് കാലുമാറിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍. ഇരുവരും കോണ്‍ഗ്രസില്‍ നിന്നും രാജി വെയ്ക്കുകയും ചെയ്തിരിക്കുകയാണ്. ഇവര്‍ ബിജെപിയില്‍ ചേരുമെന്നും ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥലത്തു നിന്നും മത്സരിച്ചേക്കുമെന്നും വിവരമുണ്ട്.
തെരഞ്ഞെടുപ്പ് രണ്ടു തീയതികളില്‍ നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരേ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ ഇടപെടാനില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്. ഹൈക്കോടതിയില്‍ ഹര്‍ജി നല്കാന് നിര്‍ദേശിക്കുകയും ചെയ്തു. ഈ നിര്‍ദേശം അനുസരിച്ചാണ് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടു പോകുമെന്ന ഭീതിയില്‍ കോണ്‍ഗ്രസ് 65 എംഎല്‍എ മാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.






