
ജയ്പൂര്‍: ക്രിക്കറ്റ് കളിക്കിടെ പീഡനശ്രമം തടഞ്ഞ കൗമാരക്കാരന്മാരെ പോലീസ് ആദരിച്ചു. ജയ്പൂരില്‍ നടന്ന സംഭവത്തില്‍ മനീഷ്(15), അമിത്(18), രോഹിത്(18), ബാദൽ (14) എന്നിവരാണ് താരങ്ങളാണ്. ബാലപീഡനം തടഞ്ഞ ഇവര്‍ ഇരയെ രക്ഷപ്പെടുത്തുകയും പ്രതിയെ പിടിച്ച് പോലീസിന് കൈമാറുകയും ചെയ്തു.
ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു പെൺകുട്ടിയുടെ നിലവിളി കേള്‍ക്കുകയായിരുന്നു. രണ്ടാമതൊന്നു ചിന്തിക്കാതെ കരച്ചില് കേട്ടിടത്തേക്ക് അവർ ഓടിയെത്തി. അടുത്തെത്തിയപ്പോൾ ഒരാൾ മലയിടുക്കില്‍ കൊച്ചുപെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് നാല്‍വര്‍ സംഘം കുട്ടിയെ രക്ഷപ്പെടുത്തുകയും പ്രതിയെ ബലമായി കീഴടക്കുകയും ചെയ്തു. പിന്നീട് പോലീസ് എത്തിയപ്പോള്‍ കൈമാറുകയും ചെയ്തു.
ഈ മിടുക്കൻമാരെ പൊലീസ് സര്‍ട്ടിഫിക്കേറ്റുകളും ക്യാഷ് പ്രൈസും നൽകിയാണ് ആദരിച്ചത്. ഉത്തമപൗരൻമാർ ചെയ്യേണ്ട കടമയാണ് ഇവർ ചെയ്തതെന്നും ഇവർക്ക് ശോഭനമായ ഭാവി ഉണ്ടാകട്ടെയെന്നും പൊലീസ് ഉദ്യോഗസ്ഥർ ആശംസിച്ചു.






