
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നദിയ ജില്ലയില്‍ ജയ് ശ്രീറാം വിളിച്ചതിന് മര്‍ദനമേറ്റ പ്രവര്ത്തകന് കൊല്ലപ്പെട്ടതായി ബി.ജെ.പി. നദിയ ജില്ലയിലെ സ്വരൂപ്നഗറിലെ കൃഷ്ണ ദോബ്നാഥാണ് മരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രാദേശിക ബി.ജെ.പി നേകൃത്വം തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിച്ചു. ജയ്ശ്രീറാം വിളിച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം.
എന്നാല്‍ പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതൃത്വം ഈ വാദം തള്ളി. കൃഷ്ണ ദേബ്നാഥ് മദ്യപിച്ച് റോഡിലൂടെ നടന്നുപോയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നും ഇതേ തുടര്‍ന്ന് നാട്ടുകാരായ ഒരു സംഘം ആളുകള്‍ ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു എന്നും ആണ് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ വാദം.
വെള്ളിയാഴ്ച വൈകിട്ട് മര്‍ദ്ദനമേറ്റ് റോഡരികില്‍ കിടന്ന ഇദ്ദേഹത്തെ ബന്ധുക്കള്‍ ചേര്‍ന്നാണ് കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.






