
കൊച്ചി : കസ്റ്റഡിമരണക്കേസുകളില്‍ പോലീസിനെതിരേ ജുഡീഷ്യല്‍ അന്വേഷണം ഫലവത്താകില്ലെന്നു ഹൈക്കോടതി മുമ്പേ പറഞ്ഞത്. നെടുങ്കണ്ടത്ത് രാജ്കുമാര് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് 1999 ല്‍ ജസ്റ്റിസ് സി.എസ്. രാജന് നടത്തിയ വിധിപ്രസ്താവം നിയമവൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നത്. കസ്റ്റഡിമരണക്കേസുകള് സി.ബി.ഐ. അന്വേഷിക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നക്സല്‍ വര്‍ഗീസ് കൊലക്കേസുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം സംബന്ധിച്ച കാര്യത്തില്‍ വിധി പറയുകയായിരുന്നു ജസ്റ്റിസ് രാജന്. ആ കേസ് പിന്നീട് സി.ബി.ഐക്കു വിട്ടു. മുന്‍ ഐ.ജി. ലക്ഷ്മണ ശിക്ഷിക്കപ്പെടുകയും ചെയ്തു.
സര്‍ക്കാരിനു ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ് ജുഡീഷ്യല്‍ അന്വേഷണമെന്ന് വിധിന്യായത്തിന്റെ 12 ാം ഖണ്ഡികയില്‍ ജസ്റ്റിസ് രാജന് ചൂണ്ടിക്കാട്ടിയിരുന്നു. ജുഡീഷ്യല്‍ കമ്മിഷന്റെ കണ്ടെത്തല്‍ സര്‍ക്കാരിനു തള്ളാനും കൊള്ളാനും സാധിക്കും. അന്വേഷണം വേണമെന്ന് കമ്മിഷന് കണ്ടെത്തുകയും അത് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്താല്‍ വീണ്ടും പോലീസ് അന്വേഷണം വേണ്ടിവരും. കാലതാമസവും പാഴ്ച്ചെലവും ഊര്ജനഷ്ടവുമാണ് ഫലമെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു.
സംസ്ഥാന ചരിത്രത്തില്‍ ഒരേയൊരു കമ്മിഷന് റിപ്പോര്‍ട്ട് മാത്രമേ ഫലത്തില്‍ നടപ്പില്‍ വന്നിട്ടുള്ളൂ. ഹൈക്കോടതി സിറ്റിങ് ജഡ്ജിയായിരുന്ന കെ. സുകുമാരന്‍ കമ്മിഷന് അന്വേഷിച്ച ഇടമലയാര്‍ കേസിലാണത്. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് ആവശ്യപ്പെട്ടതനുസരിച്ച് ചീഫ് ജസ്റ്റിസ് വി.എസ്. മളീമഠ് സിറ്റിങ് ജഡ്ജിയെ വിട്ടുകൊടുക്കുകയായിരുന്നു. ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയാണ് ഇടമലയാര്‍ കേസില്‍ ആര്. ബാലകൃഷ്ണപിള്ളയ്ക്ക് തടവുശിക്ഷ ലഭിച്ചത്.
ലോക്കപ്പ് പീഡനക്കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ശിപാര്‍ശകള്‍ നടപ്പായിട്ടില്ല. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം അന്വേഷിക്കുന്ന പി.എ. മുഹമ്മദ് കമ്മിഷന്റെ റിപ്പോര്‍ട്ട് ആയിട്ടില്ല. കമ്മിഷനു വേണ്ടി ഇതുവരെ ചെലവായത് 1.80 കോടി രൂപ! മരങ്ങാട്ടുപിള്ളി സിബി കസ്റ്റഡിയില്‍ മരിച്ച കേസ് യു.ഡി.എഫ് ഭരണത്തിലിരിക്കുമ്പോഴായിരുന്നു. രമേശ് ചെന്നിത്തലയായിരുന്നു അന്ന് ആഭ്യന്തര മന്ത്രി. ഈ കേസില്‍ ജില്ലാ ജഡ്ജി ശ്രീവല്ലഭനായിരുന്നു ജുഡീഷ്യല്‍ കമ്മിഷന്. ആ സര്‍ക്കാരിന്റെ കാലത്ത് രണ്ടു വര്‍ഷം കമ്മിഷന് ഓഫീസ് പോലും കിട്ടിയില്ല. ഇടതുപക്ഷം അധികാരമേറ്റപ്പോള്‍ ഓഫീസ് നല്കി. എന്നാല്‍, നാലുവര്‍ഷമായിട്ടും റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിട്ടില്ല. ഇനി 150 പേരെ വിസ്തരിക്കാനുണ്ടെന്നാണ് അറിയുന്നത്.
കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം നടപ്പാക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് കെ.ടി. തോമസ് കമ്മിഷന്റെ ശിപാര്‍ശപ്രകാരം കോട്ടയത്ത് ലോക്കപ്പ് സ്ഥാപിച്ചു. കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ഉദ്ഘാടനം ചെയ്ത ലോക്കപ്പ് പിന്നീട് കാടുപിടിച്ചു. ഒരു പ്രതിക്കുപോലും ഈ ലോക്കപ്പില്‍ കിടക്കാന്‍ "ഭാഗ്യം" ഉണ്ടായില്ല.
കുമരകം ബോട്ടു ദുരന്തം അന്വേഷിച്ചത് ജസ്റ്റിസ് കെ. നാരായണക്കുറുപ്പായിരുന്നു. 29 പേര് മരിച്ച സംഭവത്തില്‍ ഓരോരുത്തര്‍ക്കും ഓരോ കോടി രൂപ കൊടുക്കാന്‍ കമ്മിഷന് ശിപാര്‍ശ ചെയ്തിട്ടും നയാപൈസ കൊടുത്തില്ല. ബോട്ടുദുരന്തത്തിലെ പ്രതികളായ മൂന്നുപേരെ തെളിവുകളുടെ അഭാവത്തില്‍ കോട്ടയം സെഷന്‍സ് കോടതി വെറുതേ വിട്ടത് നാലുദിവസം മുമ്പാണ്.
ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസ് ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കാതെ സി.ബി.ഐ. അന്വേഷിച്ചതോടെ പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ശക്തമായി നിലപാട് കൈക്കൊണ്ടത് മനുഷ്യാവകാശ കമ്മിഷനായിരുന്നു. ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചെങ്കിലും കുറ്റപത്രം നല്‍കിയിട്ടില്ല.
ബൈജു ഭാസി






